തെല്‍ അവിവ്: അഴിമതിക്കേസില്‍ മാപ്പ് നല്‍കണമെന്നും കുറ്റവിമുക്തനാക്കണമെന്നും ആവശ്യപ്പെട്ട് ഇസ്രായേല്‍ പ്രസിഡന്റിന് കത്തയച്ച് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. തനിക്കെതിരെ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന അഴിമതി ആരോപണം രാജ്യത്തെ ശിഥിലമാക്കുമെന്നും കേസുകളില്‍ കുറ്റവിമുക്തനാക്കണമെന്ന ആവശ്യവുമായി പ്രസിഡന്റിന് മുന്നില്‍ ക്ഷമാപണം സമര്‍പ്പിച്ചതായി നെതന്യാഹു ഞായറാഴ്ച അറിയിച്ചു. കേസില്‍ നിരന്തരമായി കുറ്റം നിഷേധിക്കുന്ന നെതന്യാഹുവിന് മാപ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരത്തെ ഇസ്രായേല്‍ പ്രസിഡന്റിന് കത്തയച്ചിരുന്നു.
'ആറ് വര്‍ഷത്തിലേറെയായി എനിക്കെതിരായ കേസ് നിലനില്‍ക്കുന്നു. അതിനിയും ഒരുപാട് നീളുമെന്നാണ് കരുതുന്നത്'. നെതന്യാഹു വീഡിയോ പ്രസ്താവനയില്‍ പറഞ്ഞു.
'കേസില്‍ കുറ്റവിമുക്തനാക്കപ്പെടണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ രാഷ്ട്രത്തിന്റെ താല്‍പര്യം നേരെ തിരിച്ചാണ്. ഇസ്രായേല്‍ രാഷ്ട്രം വലിയ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന സമയം കൂടിയാണ് നിലവില്‍.'
വിചാരണ ഇനിയും മുന്നോട്ടുപോകുന്നത് രാഷ്ട്രത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും തുടരുന്നതിലൂടെ രാജ്യം ശിഥിലമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫലസ്തീനിലെ വംശഹത്യയ്ക്ക് പിന്നാലെ നെതന്യാഹുവിനെതിരെ ഇസ്രായേല്‍ കോടതികളിലുള്ള അഴിമതിക്കേസുകളില്‍ നിയമനടപടികള്‍ പുനരാരംഭിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെയാണ് നെതന്യാഹുവിന്റെ ക്ഷമാപണം. നെതന്യാഹുവിന് സംരക്ഷണമൊരുക്കിക്കൊണ്ട് ഡോണള്‍ഡ് ട്രംപ് നേരത്തെയും രംഗത്തെത്തിയിരുന്നു. ഇസ്രായേലിനെ സംരക്ഷിച്ചതുപോലെ നെതന്യാഹുവിനെയും സംരക്ഷിക്കുമെന്ന പ്രഖ്യാപനമെന്നത് പോലെയാണ് യുഎസ് പ്രസിഡന്റ് ഇസ്രായേല്‍ പ്രസിഡന്റിന് കത്തയച്ചത്.

0 Comments