'കേരള സ്റ്റോറി 2' കോടതി കണ്ട് വിലയിരുത്തേണ്ട , അവകാശം സെൻസർ ബോർഡിന് മാത്രം'; എതിർപ്പുമായി നിർമ്മാതാവ്


കൊച്ചി: 'കേരള സ്റ്റോറി 2' സിനിമ കോടതി കാണുന്നതിൽ എതിർപ്പുമായി നിർമ്മാതാവ്. സിനിമ കണ്ടു വിലയിരുത്താനുള്ള അവകാശം സെൻസർ ബോർഡിനു മാത്രമാണെന്നും നിയമപരമായ എല്ലാ ചട്ടങ്ങളും പാലിച്ചാണ് സിനിമാ പ്രദർശനത്തിന് എത്തുന്നതെന്നും ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി.

അതിനിടെ, 'കേരള സ്‌റ്റോറി 2'ന്റെ ടീസര്‍ പിന്‍വലിച്ചിട്ടില്ലെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. സണ്‍ഷൈന്‍ പിക്‌ചേഴ്‌സാണ് പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്. ടീസര്‍ പിന്‍വലിച്ചെന്ന പ്രചാരണം തെറ്റാണെന്നും നിര്‍മാതാക്കള്‍ പറഞ്ഞു. സിനിമയുടെ ടീസറിനെതിരെ കേരള ഹൈക്കോടതി രൂക്ഷ വിമര്‍ശനമുയര്‍ത്തിയ പശ്ചാത്തലത്തിലാണ് വിശദീകരണം.

കേരള സ്‌റ്റോറി 2 ടീസര്‍ പിന്‍വലിച്ചതായ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനമില്ലാത്തതും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് സണ്‍ഷൈന്‍ പിക്‌ചേഴ്‌സ് പറഞ്ഞു. വിഷയം കോടതിയുടെ പരിഗണനയിലാണുള്ളത്. ടീസര്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഒരു കോടതിയും ഉത്തരവിട്ടിട്ടില്ലെന്നും നിര്‍മാതാക്കള്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ സിനിമയുടെ പ്രമോഷന്‍ പരിപാടി സംഘടിപ്പിച്ച് നിര്‍മാതാക്കള്‍ നാണംകെട്ടിരുന്നു. 'ലവ് ജിഹാദ്' ഇരകളായ സ്ത്രീകളെന്ന് അവകാശപ്പെട്ട് 37ഓളം സ്ത്രീകളെ സിനിമയുടെ പ്രമോഷന്‍ പരിപാടിയില്‍ പങ്കെടുപ്പിക്കുകയായിരുന്നു. പക്ഷേ വേദിയില്‍ കൊണ്ടുവന്നതൊക്കെയും ഉത്തരേന്ത്യന്‍ സ്ത്രീകളെയാണ്. ഇതിനെ മാധ്യമപ്രവര്‍ത്തകര്‍ ചോദ്യംചെയ്തു. കേരളത്തില്‍ നിന്ന് ആരംഭിച്ച 'ലവ് ജിഹാജ്' രാജ്യവ്യാപകമായെന്നും അതാണ് സിനിമയുടെ പ്രമേയമെന്നുമാണ് അണിയറക്കാര്‍ ഇതിന് വിശദീകരണം നല്‍കിയത്.

Post a Comment

0 Comments