ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വ്യവസായി അനിൽ അംബാനിയുടെ 3,716 കോടി രൂപ വിലമതിക്കുന്ന വീട് കണ്ടുകെട്ടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. അംബാനിയുടെ റിലയൻസ് കമ്മ്യൂണിക്കേഷൻസ് (ആർകോം) നടത്തിയ ബാങ്ക് തട്ടിപ്പ് സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് കെട്ടിടം കണ്ടുകെട്ടാൻ താൽക്കാലിക ഉത്തരവ് പുറപ്പെടുവിച്ചത്.
66 മീറ്റർ ഉയരവും 17 നിലകളുമുള്ള 'അബോഡ്' എന്ന വീട് മുംബൈയിലെ പാലി ഹിൽ പരിസരത്താണ് സ്ഥിതി ചെയ്യുന്നത്. ചോദ്യം ചെയ്യലിനായി അനിൽ അംബാനിയെ ഇഡി വിളിപ്പിച്ചിട്ടുമുണ്ട്. ഇത് രണ്ടാം തവണയാണ് 66 കാരനായ അംബാനിയെ ഇഡി ചോദ്യം ചെയ്യുന്നത്. 2025 ഓഗസ്റ്റിലാണ് ആദ്യമായി മൊഴി നൽകിയത്.
അനിൽ അംബാനി ഗ്രൂപ്പിനെതിരായ ബാങ്ക് തട്ടിപ്പ്, സാമ്പത്തിക ക്രമക്കേടുകൾ എന്നിവ സംബന്ധിച്ച പരാതികൾ അന്വേഷിക്കാൻ സുപ്രിം കോടതി നിർദേശിച്ച ഫെഡറൽ ഏജൻസി, ഒരു പ്രത്യേക സംഘത്തെ രൂപീകരിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി ഇതുവരെ 12,000 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടുകയും റിലയൻസ് ഗ്രൂപ്പ് കമ്പനികൾക്കെതിരെ മൂന്ന് ഇസിഐആർ (എൻഫോഴ്‌സ്‌മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ടുകൾ) ഫയൽ ചെയ്യുകയും ചെയ്തു.
40,000 കോടി രൂപയുടെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് റിലയൻസ് ഗ്രൂപ്പ് കമ്പനിയായ ആർകോമിനെതിരെ അന്വേഷണം നടക്കുന്നു. ആർകോമിനും അനിൽ അംബാനിക്കുമെതിരെ ആരോപിക്കപ്പെടുന്ന തട്ടിപ്പുകൾ അന്വേഷിക്കുന്ന ഇഡി ഉൾപ്പെടെയുള്ള ഫെഡറൽ ഏജൻസികളുടെ 'അന്യായമായ കാലതാമസ'ത്തിൽ കഴിഞ്ഞ ആഴ്ച സുപ്രിംകോടതി ഗുരുതരമായ ആശങ്ക പ്രകടിപ്പിച്ചിരുന്നു. അനുമതിയില്ലാതെ വിദേശയാത്ര നടത്തില്ലെന്ന് അംബാനി കോടതിക്ക് ഉറപ്പ് നൽകി.
നടിയും മുൻ എംപിയുമായ ടീന അംബാനിക്കും ഇഡി സമൻസ് അയച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച രണ്ടാമതും നോട്ടീസ് ലഭിച്ചിട്ടും അവർ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരായിരുന്നില്ല. ന്യൂയോർക്കിൽ ഒരു ആഡംബര വസതി വാങ്ങിയതുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. മുൻ ആർകോം എക്സിക്യൂട്ടീവ് പുനിത് ഗാർഗിനെ അന്വേഷണ ഉദ്യോഗസ്ഥർ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

0 Comments