തിരുവനന്തപുരം: ജസ്റ്റിസ് ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ടിന് തത്വത്തിൽ അംഗീകാരം നൽകി മന്ത്രിസഭ. റിപ്പോർട്ട് ഔദ്യോഗികമായി പ്രസിദ്ധീകരിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനകം തീരുമാനം കൈക്കൊണ്ട ശിപാർശകൾക്ക് പുറമെ 32 എണ്ണത്തിൽ കൂടി ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനമെടുത്തു.
ക്ഷേമ പെൻഷൻ 1,600 രൂപയിൽ നിന്ന് 2000 രൂപ ആക്കി വർദ്ധിപ്പിച്ച സാഹചര്യത്തിൽ ഗവൺമെന്റ് ഗ്രാന്റായി ഓർഫനേജുകൾക്കും അന്തേവാസികൾക്കും നൽകി വന്ന തുക ആനുപാതികമായി വർദ്ധിപ്പിച്ച് 1100 രൂപയിൽ നിന്ന് 1375 രൂപയിലേക്ക് ഉയർത്തി. ഒഇസി ലിസ്റ്റിൽ ഉൾപ്പെടുന്നതിനാൽ ജാതി അടിസ്ഥാനത്തിൽ ലഭിക്കുന്ന സ്റ്റൈപ്പന്റും ലംപ്സം ഗ്രാന്റും സ്കോളർഷിപ്പ് അല്ലയെന്നു വ്യക്തമാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കും.
1947ന് മുമ്പ് ലത്തീൻ കത്തോലിക്കാ വിശ്വാസികളായി ചേർന്നവർക്കും അവരുടെ പിൻ തലമുറക്കാർക്കും മാത്രമേ ലത്തീൻ കത്തോലിക്കാ സമുദായ സർട്ടിഫിക്കറ്റ് ലഭിക്കാൻ അർഹതയുള്ളൂ എന്ന നിബന്ധന അശാസ്ത്രീയമായതിനാൽ ബന്ധപ്പെട്ട ബിഷപ്പുമാർ നൽകുന്ന സർട്ടിഫിക്കറ്റ് റവന്യു അധികാരികളുടെ അന്വേഷണത്തിനു സഹായകരമായ ഒരു രേഖയായി പരിഗണിച്ചുകൊണ്ട് വില്ലേജ് ഓഫീസർ നടത്തുന്ന പ്രാദേശിക അന്വേഷണത്തിൻ്റെ അടിസ്ഥാനത്തിൽ ജാതി/സമുദായ സർട്ടിഫിക്കറ്റ് അനുവദിക്കാമെന്നും 1947 എന്ന വർഷം ജാതി/സമുദായ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള മാനദണ്ഡമായി പരിഗണിക്കേണ്ടതില്ല എന്നും തീരുമാനിച്ചു. ഭാവിയിൽ ആരംഭിക്കുന്ന സർക്കാർ ഉടമസ്ഥതയിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനും മതാധിഷ്ഠിത പേരു നൽകാൻ പാടില്ല.
കേരള പബ്ലിക് സർവീസ് കമ്മീഷൻ, യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ, റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ്, ബാങ്കിങ് സർവീസ് കമ്മീഷൻ എന്നീ ഏജൻസികൾ നടത്തുന്ന മത്സര പരീക്ഷകൾക്കും വിവിധ കോഴ്സുകൾക്കുള്ള പ്രവേശന പരീക്ഷകൾ മുതലായവയ്ക്ക് സൗജന്യ പരിശീലനം നൽകുന്ന ട്രെയിനിങ് സെന്ററുകളുടെ ഉപകേന്ദ്രങ്ങൾ കണ്ണൂരും ഇടുക്കിയിലും കോട്ടയം ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിലും എറണാകുളത്തും, തിരുവനന്തപുരത്തുമുള്ള തീരപ്രദേശങ്ങളിലും സ്ഥാപിക്കും.
പരിവർത്തിത ക്രൈസ്തവ കോർപറേഷന് കണ്ണൂർ ജില്ലയിൽ ഓഫീസ് ആരംഭിക്കും. കമ്മ്യൂണിറ്റി ക്വോട്ടയിലെ സീറ്റുകളിൽ മെറിറ്റ് അടിസ്ഥാനമാക്കി പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക് ലഭിച്ചിരുന്ന ഇ-ഗ്രാന്റ് സ്കോളർഷിപ്പുകൾ പുനഃസ്ഥാപിച്ചു നൽകും.
സൺഡേസ്കൂൾ അധ്യാപകർക്കു ക്ഷേമനിധി ഏർപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള ശുപാർശകളിൽ ന്യൂനപക്ഷ വിഭാഗങ്ങളുമായി ചർച്ച നടത്തിയെങ്കിലും റിപ്പോർട്ട് പൂർണമായി പുറത്തുവിടാൻ സർക്കാർ തയാറായിരുന്നില്ല. ഇതിനെതിരെ ക്രിസ്ത്യൻ സമുദായങ്ങൾ വലിയ വിമർശം ഉന്നയിച്ചിരുന്നു. ജെ.ബി.കോശി കമ്മിഷൻ റിപ്പോർട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് കത്തോലിക്കാ കോൺഗ്രസ് കോടതിയെ സമീപിച്ചിരുന്നു. കമ്മിഷൻ ശിപാർശകൾ നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപത പള്ളികളിൽ ഇടയലേഖനം വായിച്ചിരുന്നു.
അതേസമയം, മന്ത്രിസഭ തീരുമാനം സ്വാഗതം ചെയ്ത് ലത്തീൻ സഭ. പഠന റിപ്പോർട്ടും ശിപാർശകളും പ്രസിദ്ധീകരിക്കണമെന്നും കൂടിയാലോചനകളിലൂടെ നടപ്പാക്കണമെന്നും സഭ ആവശ്യപ്പെട്ടു.

0 Comments