കോഴിക്കോട്: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗവ്യാപനം തടയാൻ കർശന നടപടികളുമായി അധികൃതർ. വൈറസ് ബാധ കണ്ടെത്തിയ പനങ്ങാട്, ഒളവണ്ണ, കക്കോടി, പെരുമണ്ണ, നല്ലളം എന്നീ അഞ്ച് പഞ്ചായത്തുകളിലായി ഇന്ന് 15,000 പക്ഷികളെ കൊന്നൊടുക്കാൻ തീരുമാനിച്ചു.
രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള കോഴികളെയും മറ്റ് വളർത്തുപക്ഷികളെയുമാണ് നശിപ്പിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് പക്ഷിപ്പനി റിപ്പോർട്ട് ചെയ്തത്. സാമ്പിൾ പരിശോധനയിൽ അതിതീവ്ര വ്യാപന ശേഷിയുള്ള എച്ച്5 എൻ1 വകഭേദമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതേത്തുടർന്ന് മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ദ്രുതകർമ്മ സേനയെ വിന്യസിച്ചു. നിലവിൽ പക്ഷിപ്പനി മനുഷ്യരിലേക്ക് പടർന്ന സാഹചര്യം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. രോഗം ബാധിച്ചതോ ചത്തതോ ആയ പക്ഷികളെയോ കോഴികളെയോ നേരിട്ട് സ്പർശിക്കരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്.
പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളിൽ നിന്ന് കോഴികളെ കടത്തുന്നതിനും വിൽക്കുന്നതിനും വിലക്കേർപ്പെടുത്തി. ആരോഗ്യവകുപ്പും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാൽ പക്ഷികളിൽ അസ്വാഭാവികമായ മരണം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ അടുത്തുള്ള വെറ്ററിനറി ആശുപത്രിയിൽ വിവരം അറിയിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

0 Comments