മുംബൈ കാണ്ടിവാലിയിലെ ചാർകോപ്പിൽ വിതരണത്തിനായി എത്തിച്ച വാഹനത്തിൽ നിന്ന് 27 എൽപിജി ഗ്യാസ് സിലിണ്ടറുകൾ മോഷണം പോയി. ഡെലിവറി ഏജന്റായ നന്ദകുമാർ രാംരാജ് തന്റെ വീടിന് സമീപം പാർക്ക് ചെയ്തിരുന്ന ടെമ്പോയിൽ നിന്നാണ് സിലിണ്ടറുകൾ നഷ്ടപ്പെട്ടത്. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് രാജ്യത്ത് പാചകവാതക വിതരണത്തിൽ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു മോഷണം നടന്നിരിക്കുന്നത് എന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.
വാഹനത്തിന്റെ ഗ്ലാസ് ഡോർ തകർത്തും പിൻഭാഗത്തെ പൂട്ട് പൊളിച്ചുമാണ് മോഷ്ടാക്കൾ സിലിണ്ടറുകൾ കടത്തിക്കൊണ്ടുപോയതെന്ന് പോലീസ് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. മോഷണം പോയവയിൽ 5 എണ്ണം ഗ്യാസ് നിറച്ച സിലിണ്ടറുകളും ബാക്കി 22 എണ്ണം കാലിക്കുറ്റികളുമാണ്. രാവിലെ വിതരണത്തിനായി വാഹനം എടുക്കാൻ എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. ഉടൻ തന്നെ പോലീസിൽ പരാതി നൽകുകയായിരുന്നു.
സംഭവത്തിൽ ചാർകോപ്പ് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രതികളെ കണ്ടെത്തുന്നതിനായി ഒന്നിലധികം പ്രത്യേക സംഘങ്ങളെ നിയോഗിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. പ്രതികളെ ഉടൻ തന്നെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പോലീസ് അറിയിച്ചു.
0 Comments