ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കണക്കിലെടുത്ത് നിയന്ത്രിത വ്യോമാതിർത്തി ഒഴിവാക്കി ദീർഘദൂര, അൾട്രാ-ലോങ്ങ് സർവീസുകൾ ഇന്ത്യൻ വിമാനക്കമ്പനികൾ പുനരാരംഭിച്ചു. വിദേശത്ത് കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ സഹായിക്കാൻ പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് ഉൾപ്പെടെ ആകെ 58 വിമാനങ്ങൾ ഇന്ന് ഗൾഫ് മേഖലയുമായി ബന്ധപ്പെട്ട് പ്രത്യേക സർവീസ് നടത്തും.
സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ഇന്നലെ 24 വിമാന സർവീസുകളാണ് ഇന്ത്യൻ കമ്പനികൾ നടത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ എമിറേറ്റ്‌സും ഇത്തിഹാദും ചേർന്ന് ഗൾഫിൽ നിന്ന് 9 സർവീസുകൾ നടത്തി. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് മുൻഗണനയെന്നും വിദേശ ഏജൻസികളുമായും ഇന്ത്യൻ മിഷനുകളുമായും ചേർന്ന് ഏകോപിതമായി പ്രവർത്തിക്കുന്നുവെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു.
യാത്രക്കാർക്ക് റീഫണ്ട്, പുനഃക്രമീകരണം എന്നിവയിൽ കൃത്യമായ സഹായം നൽകാൻ എയർലൈനുകൾക്ക് മന്ത്രാലയം നിർദ്ദേശം നൽകി. റൂട്ടുകൾ മാറുന്ന സാഹചര്യത്തിൽ ടിക്കറ്റ് നിരക്കുകൾ അമിതമായി വർദ്ധിക്കുന്നത് തടയാൻ മന്ത്രാലയം നിരീക്ഷണം ശക്തമാക്കി. വിമാനത്താവളത്തിലേക്ക് തിരിക്കും മുമ്പ് അതത് എയർലൈനുകളുമായി ബന്ധപ്പെട്ട് ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും വിവരങ്ങൾക്കായി ഔദ്യോഗിക ഉറവിടങ്ങളെ മാത്രം ആശ്രയിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.

0 Comments