യുദ്ധം ഇന്ത്യയെ ആശങ്കപ്പെടുത്തുന്നു; ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ കേന്ദ്രം സജ്ജം-വിദേശകാര്യമന്ത്രി

 

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷാവസ്ഥ സംബന്ധിച്ച് രാജ്യസഭയിൽ പ്രസ്താവന നടത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാട് അദ്ദേഹം സഭയെ അറിയിച്ചു. സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ പശ്ചിമേഷ്യയിലുള്ള ഇന്ത്യക്കാരെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതിനായി വിമാനങ്ങൾ സജ്ജമാണെന്ന് മന്ത്രി ഉറപ്പുനൽകി.

നിലവിലെ യുദ്ധസാഹചര്യം ഇന്ത്യയെ ഏറെ ആശങ്കപ്പെടുത്തുന്നുണ്ടെന്നും പൗരന്മാരുടെ സുരക്ഷയ്ക്കാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഘർഷ മേഖലകളിൽനിന്ന് മടങ്ങിവരാൻ കാത്തിരിക്കുന്ന ഇന്ത്യക്കാരെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതിനായി വിമാനങ്ങൾ സജ്ജമാണെന്ന് മന്ത്രി സഭയെ അറിയിച്ചു. പ്രവാസികളുടെ സുരക്ഷയ്ക്കായി വിവിധ രാജ്യങ്ങളുമായി നയതന്ത്ര ചർച്ചകൾ നടത്തിയെന്നും അദ്ദേഹം പറ‍ഞ്ഞു. പ്രവാസികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പ്രത്യേക സുരക്ഷാ കാബിനറ്റ് യോഗം ചേർന്നതായും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, പശ്ചിമേഷ്യൻ പ്രതിസന്ധി മൂലം ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധന രാജ്യത്തെ സാമ്പത്തികമായി ബാധിച്ചിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

Post a Comment

0 Comments