ടെഹ്റാൻ: 'മിസൈൽ നഗര'ത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് ഇറാൻ. തങ്ങൾ വലിയ ഭൂഗർഭ അറകളിൽ സൂക്ഷിച്ചിരിക്കുന്ന കപ്പൽവേധ ഡ്രോണുകളുടെയും മിസൈലുകളുടെയും ദൃശ്യങ്ങളാണ് വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒപ്പം വിവിധ ഉന്നത സൈനിക ഉദ്യോഗസ്ഥരെയും വീഡിയോയിൽ കാണാം. ഇറാനിയൻ സർക്കാർ മാധ്യമങ്ങളാണ് ഈ ദൃശ്യങ്ങൾ പുറത്തുവിട്ടത്. യുഎസിനും ഇസ്രായേലിനുമെതിരായ യുദ്ധത്തിൽ ഇറാൻ എത്രത്തോളം സജ്ജമാണ് എന്നത് പ്രഖ്യാപിക്കുകയാണ് ഈ വീഡിയോയിലൂടെ. ഏതാണ്ട് രണ്ട് മിനിറ്റ് ദൈർഘ്യമുള്ളതാണ് വീഡിയോ.
ഒരു നേവൽ ഡ്രോൺ വെള്ളത്തിലൂടെ സഞ്ചരിക്കുന്നതും, പിന്നാലെ ബോട്ടിൽ നിന്ന് മിസൈൽ പായുന്നതും ഒരു കപ്പൽ പൊട്ടിത്തെറിക്കുന്നതുമെല്ലാം ദൃശ്യങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇസ്രായേലും യുഎസും വിലയേറിയ ആയുധങ്ങളുമായി ആക്രമണം നടത്തുമ്പോൾ വിലകുറഞ്ഞതും എന്നാൽ പ്രഹരശേഷിയുള്ളതുമായി ചെറു ആയുധങ്ങളെ വെച്ചാണ് ഇറാൻ തിരിച്ചടിക്കുന്നത്.
ആത്മഹത്യാ ഡ്രോൺ ബോട്ടുകൾ എന്നാണ് ഇവ അറിയപ്പെടുന്നത്. ആളില്ലാത്ത ഈ ബോട്ടുകൾ കപ്പലുകളിലേക്ക് ഇടിച്ചുകയറി സ്ഫോടനങ്ങൾ നടത്തും. ഹോർമുസ് കടലിടുക്കിൽ ഇത്തരം ബോട്ടുകളെ ഇറാൻ ധാരാളമായി ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ തായ് കപ്പൽ അടക്കമുള്ളവയിൽ ഇറാൻ നടത്തിയ ആക്രമണങ്ങൾ ഇത്തരം ബോട്ടുകളുപയോഗിച്ചായിരുന്നെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു

0 Comments