സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധം; കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ രാജിവെച്ചു

 


തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയം അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോൾ കോൺഗ്രസ് പാർട്ടിക്കുള്ളിൽ വലിയ പൊട്ടിത്തെറി. കെ. സുധാകരനും എൽദോസ് കുന്നപ്പിള്ളിക്കും പിന്നാലെ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ രാജിവെച്ചു. സീറ്റ് നിഷേധിക്കപ്പെട്ടതിൽ പ്രതിഷേധിച്ചാണ് കെഎസ്‌യു അധ്യക്ഷസ്ഥാനം രാജിവെച്ചത്.

ഇടുക്കി ജില്ലയിലെ പീരുമേട്, ഇടുക്കി അല്ലെങ്കിൽ പൂഞ്ഞാർ മണ്ഡലങ്ങളിൽ ഏതെങ്കിലും ഒന്നിൽ അലോഷ്യസ് സേവ്യറെ പരിഗണിക്കുമെന്ന് നേരത്തെ ശക്തമായ സൂചനകളുണ്ടായിരുന്നു. ആദ്യം പീരുമേട് സീറ്റിലായിരുന്നു അദ്ദേഹത്തിന്റെ പേര് ഉയർന്നുവന്നത്. എന്നാൽ പ്രാദേശിക നേതൃത്വത്തിന്റെ കടുത്ത എതിർപ്പിനെത്തുടർന്ന് ഇത് തടസ്സപ്പെട്ടു. പിന്നീട് ഇടുക്കി മണ്ഡലത്തിലേക്ക് പരിഗണിച്ചെങ്കിലും മുതിർന്ന നേതാക്കൾക്ക് സീറ്റ് നൽകണമെന്ന ആവശ്യമുയർന്നതോടെ അവിടെയും തിരിച്ചടിയായി. ഒടുവിൽ പൂഞ്ഞാർ സീറ്റിലും പരിഗണന ലഭിക്കാതെ വന്നതോടെയാണ് യുവനേതാവ് പാർട്ടി നേതൃത്വത്തോട് പരസ്യമായി കലഹിച്ചത്.

തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ കെഎസ്‌യു പ്രസിഡന്റ് തന്നെ രാജിവെക്കുന്നത് പാർട്ടിയെ വലിയ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. യുവാക്കൾക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന പരാതി പാർട്ടിയിൽ ഇതിനോടകം തന്നെ ശക്തമാണ്. കെ. സുധാകരന്റെയും എൽദോസ് കുന്നപ്പിള്ളിയുടെയും ‘വിമത’ നീക്കങ്ങൾക്ക് പിന്നാലെ അലോഷ്യസും കൂടി ഇടഞ്ഞത് കോൺഗ്രസ് നേതൃത്വത്തിന് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്.

Post a Comment

0 Comments