കൊച്ചി: രാജ്യത്ത് വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വിതരണം തടസ്സപ്പെട്ടതോടെ ഹോട്ടൽ മേഖല കടുത്ത പ്രതിസന്ധിയിലേക്ക്. സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ കൊച്ചി ഉൾപ്പെടെയുള്ള നഗരങ്ങളിലെ പ്രമുഖ ഹോട്ടലുകൾ പല വിഭവങ്ങളും മെനുവിൽ നിന്ന് ഒഴിവാക്കിത്തുടങ്ങി.
കൂടുതൽ സമയം പാചകം ചെയ്യേണ്ടി വരുന്ന ബിരിയാണി, പൊറോട്ട, ദോശ, ചൈനീസ് വിഭവങ്ങൾ എന്നിവയ്ക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കൊച്ചി നഗരത്തിലെ എണ്ണായിരത്തോളം ഹോട്ടലുകളെ ഈ പ്രതിസന്ധി നേരിട്ട് ബാധിക്കുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ അറിയിച്ചു.
പലയിടത്തും സിലിണ്ടറുകളുടെ സ്റ്റോക്ക് തീർന്നതോടെ വരും ദിവസങ്ങളിൽ പകുതിയോളം ഹോട്ടലുകൾ അടച്ചുപൂട്ടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. നഗരത്തിലെ ചില സ്വകാര്യ ഹോസ്റ്റലുകളിൽ ഗ്യാസ് തീർന്നതിനെത്തുടർന്ന് മെസ്സുകൾ പ്രവർത്തനം നിർത്തി. ഇതോടെ അന്തേവാസികളായ വിദ്യാർത്ഥികളും ജീവനക്കാരും ബുദ്ധിമുട്ടിലായിരിക്കുകയാണ്.
ചെന്നൈയിലെ ബോട്ലിങ് പ്ലാന്റുകളിൽ നിന്ന് സിലിണ്ടറുകൾ എത്തുന്നത് തടസ്സപ്പെട്ടതാണ് കേരളത്തിലെ ക്ഷാമത്തിന് പ്രധാന കാരണം. മുംബൈ, ബെംഗളൂരു തുടങ്ങിയ മെട്രോ നഗരങ്ങളിലും സ്ഥിതി സമാനമാണ്. ഗ്യാസ് ലാഭിക്കുന്നതിനായി ഇഡ്ഡലി, ഉപ്പുമാവ് തുടങ്ങിയ വേഗത്തിൽ പാകം ചെയ്യാവുന്ന വിഭവങ്ങളിലേക്ക് ഹോട്ടലുകൾ മാറുകയാണ്.
ചിലയിടങ്ങളിൽ വിറകടുപ്പുകളിലേക്ക് മാറിയെങ്കിലും നഗരപ്രദേശങ്ങളിൽ ഇത് പ്രായോഗികമല്ലെന്ന് ഉടമകൾ പറയുന്നു. ഇലക്ട്രിക് ഇൻഡക്ഷൻ സംവിധാനങ്ങളിലേക്ക് മാറുന്നത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതും പ്രതിസന്ധി വർദ്ധിപ്പിക്കുന്നു. സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ സാധാരണക്കാരന്റെ ഭക്ഷണ ശീലങ്ങളെയും ഹോട്ടൽ തൊഴിലാളികളുടെ തൊഴിലിനെയും ഇത് ഗുരുതരമായി ബാധിക്കും.

0 Comments