പശ്ചിമേഷ്യൻ സംഘർഷം: ഇന്ത്യ നേരിട്ടത് അപ്രതീക്ഷിത വെല്ലുവിളി, സംഘര്‍ഷം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി



ന്യൂഡല്‍ഹി: യുഎസുമായി ചേര്‍ന്ന് ഇറാനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന്റെ പിന്നാലെയുണ്ടായ യുദ്ധത്തില്‍ ഇന്ത്യ നേരിട്ടത് അപ്രതീക്ഷിത വെല്ലുവിളിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമമോദി. സംഘര്‍ഷം എത്രയും വേഗം അവസാനിപ്പിക്കുന്നതിനും പൗരന്മാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി രണ്ട് തവണ പശ്ചിമേഷ്യന്‍ രാജ്യത്തലവന്മാരുമായി സംസാരിച്ചെന്നും മോദി പറഞ്ഞു. പരിക്കേറ്റവര്‍ക്ക് മികച്ച വൈദ്യസഹായം ഉറപ്പാക്കുന്നുണ്ടെന്നും യുദ്ധത്തെ പാര്‍ലമെന്റ് ഒറ്റക്കെട്ടായി അപലപിക്കുന്നുവെന്നും മോദി ലോക്‌സഭയില്‍ പറഞ്ഞു.

'പശ്ചിമേഷ്യന്‍ യുദ്ധസാഹചര്യം കനത്ത ആശങ്കയാണ് ഉയര്‍ത്തുന്നത്. യുദ്ധം ബാധിച്ച രാജ്യങ്ങളുമായി ഇന്ത്യക്ക് ബന്ധങ്ങളുണ്ട്. യുദ്ധം ബാധിച്ച ഏതാനും രാജ്യങ്ങളില്‍ നിന്നാണ് ഇന്ധനങ്ങളെത്തുന്നത്. രാജ്യത്തെ ഇന്ത്യന്‍ ഇറക്കുമതികള്‍ക്ക് തടസം നേരിട്ടിരിക്കുകയാണ്. പൗരന്മാരുടെ സുരക്ഷയ്ക്കാണ് നാം പ്രാധാന്യം കല്‍പ്പിക്കുന്നത്. യുദ്ധത്തില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്കും ജീവന്‍ നഷ്ടമായിട്ടുണ്ട്. പ്രതികൂല സാഹചര്യത്തില്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി പശ്ചിമേഷ്യന്‍ രാജ്യത്തലവന്മാരുമായി രണ്ടുതവണ സംസാരിച്ചിരുന്നു'. മോദി വ്യക്തമാക്കി.

'സംഘര്‍ഷ സാഹചര്യത്തില്‍ ഹെല്‍പ്പ് ലൈനുകള്‍ ആരംഭിച്ചിട്ടുണ്ട്. പൗരന്മാരുടെ സുരക്ഷയ്ക്കാണ് പ്രാധാന്യം കല്‍പ്പിച്ചത്. പരിക്കേറ്റവര്‍ക്കെല്ലാം മികച്ച വൈദ്യസഹായം ഉറപ്പുവരുത്തുന്നുണ്ട്. യുദ്ധത്തെ പാര്‍ലമെന്റ് ഒറ്റക്കെട്ടായി അപലപിക്കുന്നു. ഇറാനില്‍ നിന്ന് ആയിരത്തിലധികം ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിച്ചിട്ടുണ്ട്. സംഘര്‍ഷം ബാധിച്ച രാജ്യങ്ങളിലെ സിബിഎസ്ഇ പരീക്ഷകള്‍ റദ്ദാക്കി. എല്‍പിജി അടക്കമുള്ള ഇന്ധനം ഹോര്‍മുസ് കടലിടുക്ക് വഴിയാണ് ഇന്ത്യയിലേക്ക് എത്തുന്നത്. എല്‍പിജി ആഭ്യന്തര ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ചു. 37,5000 പേര്‍ ഇതിനോടകം ഇന്ത്യയിലേക്ക് സുരക്ഷിതമായി മടങ്ങിയെത്തിയിട്ടുണ്ട്. ഓയില്‍, എല്‍പിജി വഹിച്ചുള്ള കപ്പലുകള്‍ സുരക്ഷിതമായി ഇന്ത്യയിലേക്ക് എത്തുകയും ചെയ്തിട്ടുണ്ട്. എഥനോളിന്റെ ഉപയോഗത്തിലൂടെ ഇന്ധനക്ഷാമം കുറയ്ക്കാന്‍ രാജ്യത്തിന് സാധിച്ചു. റെയില്‍വേകളിലെ വൈദ്യുതീകരണവും ക്ഷാമം കുറയ്ക്കാന്‍ സഹായിച്ചു. ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി ഭദ്രമാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമൊന്നും വേണ്ടതില്ല. യുദ്ധം രാജ്യത്തെ ബാധിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ വിവിധ വകുപ്പുകള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. മറ്റു രാജ്യങ്ങളില്‍ നിന്ന് ഇന്ത്യന്‍ ഇറക്കുമതി രാജ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്തു.'

കേന്ദ്രസര്‍ക്കാര്‍ എക്കാലവും കര്‍ഷകര്‍ക്കൊപ്പമാണെന്നും ഇന്ത്യ സമാധാനത്തിനൊപ്പം നില്‍ക്കുന്നുവെന്നും സംഘര്‍ഷം എത്രയും വേഗം അവസാനിപ്പിക്കണമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

Post a Comment

0 Comments