രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്ട്; ജില്ലയിൽ ഇന്ന് കടുത്ത ഗതാഗത നിയന്ത്രണം

 



ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തുന്നു. രാവിലെ 12 മണിക്ക് കല്ലാച്ചിയിൽ എത്തുന്ന അദ്ദേഹം ഉച്ചയ്ക്ക് 1.30-ന് പേരാമ്പ്രയിൽ നടക്കുന്ന കോർണർ മീറ്റിംഗിൽ പങ്കെടുക്കും. പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്‌ലിയയുടെ പ്രചാരണാർത്ഥമാണ് രാഹുൽ ഇവിടെ എത്തുന്നത്.

ഉച്ചയ്ക്ക് ശേഷം 2.40-ന് ബാലുശ്ശേരിയിൽ നിന്ന് നന്മണ്ടയിലേക്ക് ഗ്യാരന്റി ബസ് യാത്രയിൽ അദ്ദേഹം പങ്കുചേരും. ബാലുശ്ശേരിയിലെ യുഡിഎഫ് സ്ഥാനാർത്ഥി വി.ടി. സൂരജ്, എലത്തൂരിലെ സ്ഥാനാർത്ഥി വിദ്യാ ബാലകൃഷ്ണൻ എന്നിവർക്ക് വേണ്ടിയാണ് ഈ റോഡ് ഷോ സംഘടിപ്പിച്ചിരിക്കുന്നത്. വൈകുന്നേരം 3.50-ഓടെ കൊയിലാണ്ടിയിലെത്തുന്ന രാഹുൽ ഗാന്ധി പഴയ ചിത്ര ടാക്കീസ് പരിസരത്തുനിന്നും കൊയിലാണ്ടി സ്റ്റേഡിയം വരെ നീളുന്ന വമ്പിച്ച റോഡ് ഷോയിലും തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിലും സംസാരിക്കും.

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് മുനവ്വറലി തങ്ങൾ, കെപിസിസി ആക്ടിങ് പ്രസിഡന്റ് ഷാഫി പറമ്പിൽ എംപി, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ തുടങ്ങിയ പ്രമുഖ നേതാക്കളും രാഹുൽ ഗാന്ധിക്കൊപ്പം ഈ പ്രചാരണ പരിപാടികളിൽ അണിനിരക്കും.

രാഹുൽ ഗാന്ധിയുടെ സന്ദർശനം പ്രമാണിച്ച് ജില്ലയിൽ രാവിലെ 10 മണി മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വടകര ഭാഗത്തുനിന്ന് കുറ്റ്യാടിയിലേക്കുള്ള വാഹനങ്ങൾ കുനിങ്ങാട്, തണ്ണീർപന്തൽ വഴി തിരിച്ചുവിടും. തലശ്ശേരി ഭാഗത്തുനിന്നുള്ള വാഹനങ്ങൾ ആവോലം റോഡ് വഴി പോകണം. പരിപാടിക്കെത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യാൻ പ്രത്യേക ഗ്രൗണ്ടുകൾ നിശ്ചയിച്ചിട്ടുണ്ടെന്നും മെയിൻ റോഡിൽ പാർക്കിംഗ് അനുവദിക്കില്ലെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.

Post a Comment

0 Comments