തിരുവനന്തപുരം: നേമത്ത് എസ്‍ഡിപിഐ പിന്തുണ തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വസ്തുത വിരുദ്ധമായ കാര്യമാണത്. വി.ശിവൻകുട്ടിയും വ്യക്തിപരമായി പിന്തുണ അഭ്യർഥിച്ചിട്ടില്ല. രാഷ്ട്രീയമായി യോജിപ്പില്ലാത്ത ചിലർ തങ്ങൾക്ക് വോട്ട് ചെയ്തിട്ടുണ്ടാകാം. ഏതെങ്കിലും വർഗീയതയുമായി ബന്ധവും ഉണ്ടാക്കിയിട്ടില്ലെന്നും എൽഡിഎഫിന്‍റെ ശുദ്ധമായ വർഗീയ വിരുദ്ധ നിലപാടാണ് അതെന്നും പിണറായി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.
ബിജെപി ജയിച്ചുകൂടാ എന്ന് ആഗ്രഹിക്കുന്ന ഒരുപാട് ശക്തികളുണ്ട്. രാഷ്ട്രീയമായി യോജിപ്പില്ലാത്ത സഹകരിക്കാത്ത ചിലർ തങ്ങൾക്ക് വോട്ട് ചെയ്തിട്ടുണ്ടാകാം. ബിജെപി പരാജയപ്പെടണം എന്ന് ആഗ്രഹിച്ചവരാണ് അവരെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. എസ്‍ഡിപിഐ വോട്ട് വേണ്ടെന്ന ബിനോയ് വിശ്വത്തിന്‍റെ പരാമർശത്തെ മുഖ്യമന്ത്രി പരിഹസിച്ചു. അങ്ങനെ പറയണമെങ്കിൽ അദ്ദഹത്തിന്‍റെ കയ്യിൽ നിന്ന് എഴുതി വാങ്ങണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഓരോരുത്തർക്കും ഓരോ അഭിപ്രായം അല്ലേ പറയാനുണ്ടാവുകയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
എഫ്‍സിആര്‍എ നിയമഭേദഗതിയിൽ നിന്ന് കേന്ദ്രസർക്കാർ പൂർണമായും പിൻവാങ്ങണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ സ്വീകരിക്കുന്ന നിലപാടുകൾ രാജ്യത്തെ ഒരു വിഭാഗത്തിന് അരക്ഷിതത്വം ഉണ്ടാക്കുന്നു. എല്ലാവരെയും ചേർത്തുപിടിച്ചാണ് ഈ രാജ്യം മുന്നോട്ടു പോകേണ്ടത്. ജനങ്ങൾക്ക് സേവനം നൽകുന്നവരെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്നും പിണറായി പറഞ്ഞു.
പ്രതിപക്ഷ നേതാവിനെ ഫേസ്ബുക്കിലൂടെയുള്ള സംവാദത്തിനാണ് ക്ഷണിച്ചത്. ആ സംവാദം നടക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതേസമയം ''സംവാദമാകാം എന്ന് പറഞ്ഞിട്ട് 24 മണിക്കൂർ കഴിഞ്ഞു. സ്ഥലവും സമയവും ഇത് വരെ തീരുമാനിച്ചിട്ടില്ല. മുഖ്യമന്ത്രി ശ്രദ്ധിക്കുമല്ലോ. മുഖ്യമന്ത്രി പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് ഞാനെത്താം'' എന്ന് വി.ഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.
0 Comments