*ഐ & പി.ആര്‍.ഡി*
*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് വയനാട്*
*വാര്‍ത്താകുറിപ്പ്-1*
*26.03.2026*
....................................

*ഫോം 12ഡി വിതരണം ജില്ലാ കളക്ടര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു* 

പോസ്റ്റല്‍ ബാലറ്റ് പ്രക്രിയയുടെ ഭാഗമായി കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലേക്കുള്ള ഫോം 12ഡി വിതരണം തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ ഫ്‌ളാഗ് ഓഫ് ചെയ്തു. റീജിയണല്‍ ലെവല്‍ ക്ലിയറിങ് സെന്ററായ കണ്ണൂരിലേക്കാണ് ഫോം 12ഡി അപേക്ഷകള്‍ അയച്ചത്. മറ്റ് ജില്ലകളിലേക്കുള്ള വിതരണം അടുത്ത ദിവസങ്ങളില്‍ പൂര്‍ത്തിയാക്കും. 

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള അവശ്യസേവന വിഭാഗത്തിന്റെ പോസ്റ്റല്‍ വോട്ടിംഗിനുള്ള അപേക്ഷയാണ് ഫോം 12 ഡി. അപേക്ഷകള്‍ അതാത് വകുപ്പുകളിലെ നോഡല്‍ ഓഫീസര്‍ പരിശോധിച്ച ശേഷം ജില്ലാതല ക്ലിയറിങ് സെന്ററിലേക്ക് അയച്ചിരുന്നു. ഈ അപേക്ഷകള്‍ ജില്ലാതല ക്ലിയറിങ് സെന്ററില്‍ നിന്ന് ജില്ല തിരിച്ച് റീജിയണല്‍ ലെവല്‍ ക്ലിയറിങ് സെന്ററിലേക്കാണ് അയയ്ക്കുക. പോസ്റ്റല്‍ ബാലറ്റുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നിര്‍വഹിച്ച ഉദ്യോഗസ്ഥരെ ജില്ലാ കളക്ടര്‍ അഭിനന്ദിച്ചു. 

കളക്ടറേറ്റ് അങ്കണത്തില്‍ നടന്ന പരിപാടിയില്‍ എം സി സി നോഡല്‍ ഓഫീസറായ എഡിഎം എ ജയശ്രീ, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ നിജു കുര്യന്‍, ടോമിച്ചന്‍ ആന്റണി, സി.വി മന്‍മോഹന്‍, അശ്വിന്‍ പി കുമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

*ജീവനക്കാര്‍ പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷ ഇന്ന് സമര്‍പ്പിക്കണം*
 
നിയമസഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷ ഫോം 12ല്‍ പോസ്റ്റിംഗ് ഓര്‍ഡര്‍ സഹിതം ഇന്ന് (മാര്‍ച്ച് 27) സമര്‍പ്പിക്കണം. ഇതിനായി കളക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കുന്നുണ്ട്. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളിലും പ്രത്യേക വോട്ട് ഫെസിലിറ്റേഷന്‍ സെന്റര്‍ ഒരുക്കിയിട്ടുണ്ട്. ഫോം 12ല്‍ ഇലക്ഷന്‍ ഐഡി കാര്‍ഡ് നമ്പറും മൊബൈല്‍ നമ്പറും പ്രത്യേകം രേഖപ്പെടുത്തണം. പ്രിസൈഡിംഗ് ഓഫീസര്‍, ഫസ്റ്റ് പോളിംഗ് ഓഫീസര്‍ ഡ്യൂട്ടി ലഭിച്ചവര്‍ക്ക് പരിശീലന കേന്ദ്രങ്ങളില്‍ അപേക്ഷ സമര്‍പ്പിക്കാം.

*ജില്ലയില്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം തുടരുന്നു*

നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങളുടെ ഭാഗമായി ജില്ലയില്‍ പോളിംഗ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം തുടരുന്നു. കല്‍പറ്റ നിയോജക മണ്ഡലത്തിലെ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കായുള്ള പരിശീലനം കല്‍പറ്റ സെന്റ് ജോസഫ്‌സ് കോണ്‍വെന്റ്‌ സ്‌കൂളില്‍ നടന്നു.
രണ്ട് സെക്ഷനുകളില്‍ 10 ക്ലാസുകളായി ക്രമീകരിച്ച പരിശീലനത്തില്‍ 638 ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍, വോട്ടെടുപ്പ് ദിന ചുമതലകള്‍, ഇവിഎം-വി.വി പാറ്റ് ഉപകരണങ്ങളുടെ ഉപയോഗം എന്നിവയില്‍ വിശദമായ നിര്‍ദേശങ്ങള്‍ നല്‍കി.
19 ജില്ലാതല മാസ്റ്റര്‍ ട്രെയിനര്‍മാരും രണ്ട് സംസ്ഥാനതല മാസ്റ്റര്‍ ട്രെയിനര്‍മാരും ഉള്‍പ്പെടെ 21 പേരാണ് പരിശീലനത്തിന് നേതൃത്വം നല്‍കിയത്. 

ജില്ലാ തെരഞ്ഞെടുപ്പ് പൊതുനിരീക്ഷകന്‍ ഡോ. ശ്രീധര്‍ ബാബു അധാന്‍, ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ എന്നിവര്‍ പരിശീലന കേന്ദ്രത്തിലെത്തി ഓഫീസര്‍മാരോട് സംവദിച്ചു. തെരഞ്ഞെടുപ്പ് നടപടികള്‍ കൃത്യമായി പാലിക്കുന്നതിനും ഓരോ ഘട്ടവും സൂക്ഷ്മമായി കൈകാര്യം ചെയ്യുന്നതിന് ഉദ്യോഗസ്ഥര്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് അവര്‍ നിര്‍ദേശിച്ചു.

സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ ഉദ്യോഗസ്ഥര്‍ക്കായിയുള്ള പരിശീലനം ഇന്ന് (മാര്‍ച്ച് 27) ബത്തേരി അസംപ്ഷന്‍ ഹൈസ്‌കൂളില്‍ പരിശീലനം നടക്കും. ഒന്നാം ഘട്ട പരിശീലനത്തില്‍ പങ്കെടുക്കാന്‍ കഴിയാത്ത ഉദ്യോഗസ്ഥര്‍ക്ക് മാര്‍ച്ച് 29ന് രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ കല്‍പ്പറ്റ സെന്റ് ജോസഫ്‌സ് കോണ്‍വെന്റ് സ്‌കൂളില്‍ പ്രത്യേക പരിശീലനം സംഘടിപ്പിക്കും.

രണ്ടാം ഘട്ട പരിശീലനം ഏപ്രില്‍ ഒന്നിന് മാനന്തവാടി സെന്റ് പാട്രിക്‌സ് ഹൈസ്‌കൂളിലും, ഏപ്രില്‍ രണ്ടിന് ബത്തേരി അസംപ്ഷന്‍ ഹൈസ്‌കൂളിലും, ഏപ്രില്‍ മൂന്നിന് കല്‍പറ്റ സെന്റ് ജോസഫ്‌സ് കോണ്‍വെന്റ് സ്‌കൂളിലും നടക്കും. രണ്ടാം ഘട്ടത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് ഏപ്രില്‍ നാലിന് രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ കല്‍പറ്റയില്‍ പ്രത്യേക പരിശീലനവും നല്‍കും.

*വോട്ട് ചിലപ്പ് :ഓണ്‍ലൈന്‍ ക്വിസ് മത്സരത്തില്‍ പങ്കെടുക്കാം*

നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടര്‍മാരില്‍ ബോധവത്കരണം ശക്തിപ്പെടുത്തുന്നതിനായി സ്വീപിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ സോഷ്യല്‍ മീഡിയാ സെല്ലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വോട്ട് ചിലപ്പ് ഓണ്‍ലൈന്‍ ക്വിസ് പരിപാടി ജില്ലാ കളക്ടര്‍ ഡി. ആര്‍. മേഘശ്രീ ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പില്‍ എല്ലാ വോട്ടര്‍മാരുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനായാണ് തെരഞ്ഞെടുപ്പ് അവബോധ ക്വിസ് സംഘടിപ്പിക്കുന്നത്. ഗൂഗിള്‍ ഫോം വഴിയാണ് മത്സരം.

മാര്‍ച്ച് 26 മുതല്‍ ഏപ്രില്‍ നാല് വരെയുള്ള ദിവസങ്ങളില്‍ ഏവര്‍ക്കും അവരവരുടെ സൗകര്യപ്രദമായ സമയങ്ങളില്‍ വോട്ട് ചിലപ്പില്‍ പങ്കെടുക്കാം. എല്ലാ ചോദ്യങ്ങള്‍ക്കും ശരിയുത്തരം രേഖപ്പെടുത്തുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഒരാള്‍ക്ക് ആകര്‍ഷകമായ സമ്മാനവും പങ്കെടുക്കുന്ന എല്ലാവര്‍ക്കും അനുമോദന പത്രവും നല്‍കും. നിര്‍ഭയമായി വോട്ട് ചെയ്യാന്‍ പൊതുജനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.

ജില്ലാ കളക്ടറുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലും (ഫേസ്ബുക്, ഇന്‍സ്റ്റഗ്രാം, വാട്‌സ്ആപ്പ് ചാനല്‍) ഗൂഗിള്‍ ഫോം ലിങ്ക് ലഭ്യമാണ്. https://docs.google.com/forms/d/e/1FAIpQLScP9WbRPq3gWvu3Hz5ba6jRH9CJu5SGcRh6UBkSd4s3UU3LIw/viewform?pli=1

*

*പെരിക്കലൂരില്‍ കടത്ത് തോണിയില്‍ സ്വീപ്് ബോധവത്ക്കരണം*

കേരള-കര്‍ണാടക അതിര്‍ത്തി പങ്കിടുന്ന ബത്തേരിയിലെ പെരിക്കല്ലൂര്‍ ഗ്രാമത്തില്‍ സ്വീപിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) തെരഞ്ഞെടുപ്പ് അവബോധ സന്ദേശമെത്തിയത് കടത്ത് തോണിയില്‍. പുഴക്ക് അക്കരയ്ക്കും ഇക്കരയ്ക്കും തോണിയില്‍ യാത്ര ചെയ്യുന്നവര്‍ കൈകളില്‍ പ്ലക്കാര്‍ഡുകളുമായി വോട്ടര്‍ ബോധവല്‍ക്കരണ പ്രക്രീയയില്‍ പങ്കാളികളായി. നാല് തോണികളിലായി സ്വീപ് അംഗങ്ങള്‍ യാത്രക്കാര്‍ക്കൊപ്പം തോണിയിലിരുന്ന് വോട്ടവകാശത്തിന്റെ പ്രാധാന്യം വ്യക്തമാക്കി. യാത്രക്കാരായ ഗ്രാമവാസികള്‍, ഉന്നതി നിവാസികള്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 40 ഓളം പേര്‍ പങ്കെടുത്തു.

വോട്ടേഴ്‌സ് പ്രതിജ്ഞ എടുക്കുകയും ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം 100 ശതമാനം ആക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലയില്‍ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നെന്ന് സ്വീപ്പ് നോഡല്‍ ഓഫീസറായ അസിസ്റ്റന്റ് കളക്ടര്‍ പി.പി അര്‍ച്ചന പറഞ്ഞു. വയനാടിന്റെ തെരഞ്ഞെടുപ്പ് മസ്‌കോട്ടായ വോട്ട് ചിലപ്പന്‍ ''എന്റെ വോട്ട് എന്റെ ശബ്ദം' എന്ന് ടാഗ് ലൈന്‍ ഉയര്‍ത്തിയാണ് ജില്ലയിലുടെനീളം സ്വീപ് ക്യാമ്പയിന്‍ നടക്കുന്നത്.  

സുല്‍ത്താന്‍ ബത്തേരി ജൂനിയര്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ പ്രസില്‍ രാജ്, റവന്യു വകുപ്പ് സീനിയര്‍ ക്ലര്‍ക്ക് എം.കെ സ്മിത, സഹകരണ വകുപ്പ് ക്ലര്‍ക്ക് ടോണി ഫിലിപ്പ്, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ക്ലര്‍ക്ക് കെ.ബി ശ്രുതി, ഇറിഗേഷന്‍ വകുപ്പ് ക്ലര്‍ക്ക് സി.കെ അനുഷ തുടങ്ങിയവര്‍ പങ്കെടുത്തു.

*ജനാധിപത്യത്തിന്റെ പെണ്‍കരുത്ത്; പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്തു*

വോട്ടര്‍ ബോധവത്കരണത്തിനായി ജില്ലാ കുടുംബശ്രീ മിഷന്‍ സ്വീപിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ജനാധിപത്യത്തിന്റെ പെണ്‍കരുത്ത് പ്രചാരണ പരിപാടി ജില്ലാ കളക്ടര്‍ ഡി.ആര്‍.മേഘശ്രീ വള്ളിയൂര്‍ക്കാവില്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ രംഗശ്രീ കലാ ഗ്രൂപ്പിന്റെ ഗോത്ര നൃത്തം, എന്റെ വോട്ട് എന്റെ ശബ്ദം ലഘു നാടകം എന്നിവ അവതരിപ്പിച്ചു. 
  
അസിസ്റ്റന്റ് കളക്ടര്‍ പി.പി അര്‍ച്ചന, സബ് കലക്ടര്‍ അതുല്‍ സാഗര്‍, മാനന്തവാടി തെരഞ്ഞെടുപ്പ് കോ-ഓര്‍ഡിനേറ്റര്‍ പ്രിയ, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.പി ജയചന്ദ്രന്‍, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ വി.കെ റെജീന, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

*സ്വീപ്: ഹരിത കര്‍മ്മ സേനയോടൊപ്പം* 

സ്വീപിന്റെ നേതൃത്വത്തില്‍ സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ ഹരിത കര്‍മ്മ സേന പ്രവര്‍ത്തകര്‍ക്കായി വോട്ട് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. എന്റെ വോട്ട്, എന്റെ അവകാശം എന്ന സന്ദേശം വീടുതോറും എത്തിക്കാന്‍ ഹരിത കര്‍മ്മ സേന മുന്നിട്ടിറങ്ങിയതിന് സംഘാടകര്‍ അഭിനന്ദനം അറിയിച്ചു. പരിപാടിയില്‍ പ്രവര്‍ത്തകര്‍ കൂട്ടായ്മയായി തെരഞ്ഞെടുപ്പ് പ്രതിജ്ഞ എടുക്കുകയും ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തു.

കല്‍പറ്റയില്‍ സ്വീപിന്റെ നേതൃത്വത്തില്‍ കടത്തനാടന്‍ കളരിപയറ്റ് പരിശീലന കേന്ദ്രത്തില്‍ കളരി പ്രദര്‍ശനവും, ബോധവത്ക്കരണ സെമിനാറും സംഘടിപ്പിച്ചു. തോമസ്, ഗണേശന്‍ എന്നീ കളരി പരിശീലകരുടെ നേതൃത്വത്തിന്‍ നടന്ന കളരി പ്രദര്‍ശനം ദൃശ്യ വിരുന്നായി. ജില്ലാ നോഡല്‍ ഓഫീസര്‍ അസിസ്റ്റന്റ് കളക്ടര്‍ അര്‍ച്ചന ഉദ്ഘാടനം നിര്‍വഹിച്ചു. സ്വീപ് അംഗങ്ങളായ പി. എസ് രതീഷ്, കെ ഹംസ കെ.ദിലിപ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. കലാപ്രകടനത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് അസി. കളക്ടര്‍ മെഡലുകള്‍ നല്‍കി ആദരിച്ചു. 

*260 പ്രചാരണ സാമഗ്രികള്‍ കൂടി നീക്കം ചെയ്തു* 

നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തിയ പരിശോധനയില്‍ വ്യാഴാഴ്ച 260 സാമഗ്രികള്‍ നീക്കം ചെയ്തു. ഇതില്‍ പൊതു ഇടങ്ങളിലായി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാപിച്ച 220 പോസ്റ്ററുകള്‍, 21 ബാനറുകള്‍ 10 മറ്റ് പ്രചരണ സാമഗ്രികളും സ്വകാര്യ ഇടങ്ങളില്‍ സ്ഥാപിച്ച ഒന്‍പത് പോസ്റ്ററുകളും ഉള്‍പ്പെടുന്നു.

*സി-വിജില്‍ :160 പരാതികള്‍ ലഭിച്ചു*

സി-വിജില്‍ ആപ്പ് മുഖേന ജില്ലയില്‍ വ്യാഴാഴ്ച 160 പരാതികള്‍ ലഭിച്ചു. മുഴുവന്‍ പരാതികളും പരിഹരിച്ചു. ജില്ലയില്‍ ഇതുവരെ 1215 പരാതികളാണ് സി-വിജില്‍ ആപ്പ് വഴി ലഭിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റ ചട്ടലംഘനവുമായി ബന്ധപ്പെട്ട് സി- വിജില്‍ ആപ്ല് മുഖേന പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതി നല്‍കാം.

Post a Comment

0 Comments