ആരോഗ്യരംഗത്ത് ലോകം അത്ഭുതത്തോടെ നോക്കുന്ന സംസ്ഥാനമായി കേരളം മാറി: മുഖ്യമന്ത്രി




ആരോഗ്യരംഗത്ത് ലോകം അത്ഭുതത്തോടെ നോക്കുന്ന സംസ്ഥാനമായി കേരളം മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചക്കരക്കല്ലിൽ 20 കോടിയോളം രൂപ ചെലവഴിച്ചു നിർമിച്ച ഇരിവേരി സാമൂഹിക ആരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നവജാത ശിശു മരണനിരക്ക് അമേരിക്കയിൽ 5.6 ശതമാനമുള്ളപ്പോൾ കേരളത്തിൽ അഞ്ച് ശതമാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡിന് മുന്നിൽ വലിയ സാമ്പത്തിക സ്ഥിതിയുള്ള രാഷ്ട്രങ്ങൾ പോലും പകച്ചപ്പോൾ കേരളം ഒരുക്കിയ പൊതുജന ആരോഗ്യ സമ്പ്രദായം കോവിഡിനെ മറികടന്നു. ലോക ആരോഗ്യരംഗത്ത് പൊതുവിൽ പിന്നിലാണ് ഇന്ത്യ. എന്നാൽ, ആ ഇന്ത്യയിലെ ഒരു സംസ്ഥാനം അമേരിക്കയെ മറികടക്കുന്ന നേട്ടം കരസ്ഥമാക്കുന്നു. ഇത് സാധിച്ചത് നമ്മുടെ സുശക്തമായ ആരോഗ്യസമ്പ്രദായത്തിലൂടെയാണ്- മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

പരമ്പരാഗതമായി ആരോഗ്യരംഗത്ത് മുൻപന്തിയിലായിരുന്ന സംസ്ഥാനം ഒരു ഘട്ടത്തിൽ വളരെ പിന്നാക്കം പോയി. എങ്ങും ഇല്ലായ്മയുടെ കഥകൾ മാത്രം. ആ ഘട്ടത്തിലാണ്, 2016ൽ ആരോഗ്യരംഗത്തെ ദുഃസ്ഥിതി മാറ്റും എന്ന് വാഗ്ദാനം നൽകി സംസ്ഥാന സർക്കാർ അധികാരത്തിൽ വന്നത്. പറഞ്ഞ വാക്ക് പാലിച്ച സർക്കാർ ആർദ്രം മിഷൻ രൂപീകരിച്ചു, ആരോഗ്യ മേഖലയിൽ വൻ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചു. പാവപ്പെട്ടവർക്ക് മികച്ച ചികിത്സ പ്രാപ്യമാക്കി-മുഖ്യമന്ത്രി വിശദീകരിച്ചു.

കണ്ണൂർ ജില്ലയിൽ 14 ആരോഗ്യസ്ഥാപനങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയത് ഉൾപ്പെടെ ആരോഗ്യമേഖലയിൽ 500 കോടി രൂപയുടെ വികസന പദ്ധതികൾ നടപ്പാക്കി. ഈ നിലയാണ് സംസ്ഥാനത്തെങ്ങും കാണാൻ കഴിയുന്നത്. കേരളത്തിൽ മുതിർന്ന പൗരന്മാരുടെ ആയുർദൈർഘ്യം വർധിച്ചത് ആരോഗ്യമേഖലയുടെ കൂടി നേട്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Post a Comment

0 Comments