പുതുജീവിതത്തിലേക്ക്; വയനാട് ടൗണ്‍ഷിപ്പ് നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി

കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുള്‍പൊട്ടൽ ദുരന്തബാധിതര്‍ പുതുജീവിതത്തിലേക്ക്.ടൗണ്‍ഷിപ്പിൽ ആദ്യഘട്ടത്തിൽ നിര്‍മാണം പൂര്‍ത്തിയായ 178 വീടുകളുടെ താക്കോൽ ദുരന്തബാധിതര്‍ക്ക് അൽപ്പസമയത്തിനകം കൈമാറും. അടുത്ത മഴയ്ക്ക് മുന്‍പ് ഉരുള്‍പൊട്ടൽ ദുരന്തബാധിതരായ എല്ലാവര്‍ക്കും വീട് കൈമാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇനിയുള്ള ദുരന്തബാധിതർക്ക് കുറച്ച് മാസങ്ങൾക്ക് ഉള്ളിൽ വീട് ലഭ്യമാക്കും. സമൂഹത്തിലെ നിരവധി ആളുകൾ ദുരന്ത ബാധിതരെ സഹായിക്കാൻ സന്നദ്ധരായെന്നും സഹായം വാഗ്ദാനം ചെയ്ത പലരും വാക്ക് നിറവേറ്റിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉദ്ഘാടനത്തിന് മുന്‍പായി ടൗണ്‍ഷിപ്പിലെ നിര്‍മാണം പൂര്‍ത്തിയായ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചു.

വയനാട് ദുരന്തബാധിതരെ വെറുമൊരു പട്ടികയിലെ കണക്കുകളായല്ല, മറിച്ച് സ്വന്തം കുടുംബാംഗങ്ങളെപ്പോലെയാണ് ജില്ലാ കളക്ടർ മേഘശ്രീ കണ്ടതെന്ന് റവന്യൂ മന്ത്രി കെ. രാജൻ. ഓരോ കുടുംബത്തിന്റെയും നഷ്ടങ്ങളും വേദനകളും നേരിട്ട് മനസ്സിലാക്കി അവർക്ക് ഏറ്റവും മികച്ചത് നൽകണമെന്ന നിശ്ചയദാർഢ്യത്തോടെയാണ് കളക്ടറും സംഘവും പ്രവർത്തിച്ചതെന്ന് അദ്ദേഹം പ്രശംസിച്ചു. സാധാരണയായി ദുരന്തമുഖത്തും പുനരധിവാസ ഘട്ടത്തിലും വ്യത്യസ്ത ഉദ്യോഗസ്ഥരാണ് ഉണ്ടാകാറുള്ളതെങ്കിൽ, വയനാടിന്റെ കാര്യത്തിൽ ദുരന്തം നടന്ന ജൂലൈ 30 മുതൽ വീടുകളുടെ താക്കോൽ കൈമാറുന്ന ഈ ഘട്ടം വരെ ഒരേ കളക്ടർ തന്നെ നേതൃത്വം നൽകുന്നു എന്നത് വലിയൊരു പ്രത്യേകതയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

വയനാട് ടൗൺഷിപ്പിന്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നേതൃത്വവും മന്ത്രിമാരുടെ നിരന്തരമായ മാർഗ്ഗനിർദ്ദേശങ്ങളും വലിയ കരുത്ത് പകർന്നു നൽകിയതായി കളക്ടർ മേഘശ്രീ പറഞ്ഞു. നയപരമായ തീരുമാനങ്ങൾ എടുക്കുന്നതിലും അത് നടപ്പിലാക്കുന്നതിനിടയിൽ ഉണ്ടായ സംശയങ്ങളിലും സർക്കാരിന്റെ ഭാഗത്തുനിന്ന് കൃത്യമായ പിന്തുണയും ഗൈഡൻസും ലഭിച്ചിരുന്നു. ഭരണകൂടവും സർക്കാരും ഒരേ മനസ്സോടെ പ്രവർത്തിച്ചത് പുനരധിവാസ ദൗത്യം വേഗത്തിലാക്കാൻ സഹായിച്ചുവെന്നും കളക്ടർ വ്യക്തമാക്കി.

എട്ടു മാസത്തോളം നീണ്ടുനിന്ന കനത്ത മഴയും ആറു മാസത്തോളം നീണ്ട കോടതി നടപടികളും പുനരധിവാസ പ്രവർത്തനങ്ങൾക്ക് കഠിനമായ വെല്ലുവിളികൾ ഉയർത്തിയിരുന്നു. എന്നാൽ ഈ പ്രതിസന്ധികളെല്ലാം അതിജീവിച്ച് ചുരുങ്ങിയ സമയത്തിനുള്ളിൽ വീടുകളുടെ നിർമ്മാണം പൂർത്തിയാക്കാൻ സാധിച്ചത് ഭരണകൂടത്തിന്റെ പ്രവർത്തന വേഗതയ്ക്ക് തെളിവാണെന്ന് മന്ത്രി പറഞ്ഞു. വെല്ലുവിളികൾക്കിടയിലും ജനങ്ങൾക്ക് സുരക്ഷിതമായ ആസ്ഥാനം ഒരുക്കുക എന്ന ലക്ഷ്യം നിറവേറ്റാൻ കഴിഞ്ഞത് വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.

നല്ല പിന്തുണയാണ് പുനരധിവാസ പ്രവർത്തനങ്ങൾക്ക് ലഭിച്ചത്. ആദിവാസി കുടുംബളെ പുനരധിവസിപ്പിക്കുന്ന ഭൂമിയുടെ പട്ടയവും ഇന്ന് കൈമാറും. സന്തോഷ ദിവസമാണെങ്കിലും വിട്ടു പിരിഞ്ഞവരുടെ ഓർമകൾ കൂടി ഉയർന്നുവരുകയാണ്. പല നഷ്ടങ്ങൾക്കും ഈ വീടുകള്‍ പകരമാവാൻ കഴിയില്ല. എന്നാൽ സാമീപ്യം കൊണ്ട് നഷ്ടത്തിൽ നിന്ന് ആളുകളെ പുറത്തുകൊണ്ടു വരാം .പാരസ്പര്യത്തിന്‍റെ കേരള മാതൃക എല്ലാവരും കണ്ടു. എന്നാൽ, ദുരന്തബാധിതരെ തെറ്റിദ്ധരിപ്പിക്കാൻ ചിലർ ശ്രമിച്ചു. ചില്ലിക്കാശ് പുനരധിവാസത്തിന് നൽകരുത് എന്ന് ചിലർ പറഞ്ഞുമാധ്യമങ്ങൾ പോലും വ്യാജം ചമച്ച് പുനരധിവാസത്തെ ഇല്ലാതാക്കാൻ ശ്രമിച്ചു. പുനരധിവാസത്തെ വൈരാഗ്യ ബുദ്ധിയോടെ ചിലർ കണ്ടു. ലോകത്ത് കാണുന്ന യുദ്ധ നീതി പോലും കാണിച്ചില്ല. ഇതര സംസ്ഥാനങ്ങളും പുനരധിവാസത്തിന് സഹായം നൽകി. കർണാടക , ആന്ധ്ര സർക്കാരുകള്‍ 10 കോടി വീതം നൽകി. രാജസ്ഥാൻ അഞ്ചു കോടി നൽകി. കേന്ദ്രസർക്കാർ കടം എഴുതി തള്ളാൻ തയ്യാറായില്ല. ആ കടം കേരളം ഏറ്റെടുത്തു. കടം ഏറ്റെടുക്കാൻ പല തവണ സംസ്ഥാന സർക്കാര്‍ ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ല. വയനാട് ടൗണ്‍ഷിപ്പിന്‍റെ നിർമാണ പ്രവർത്തനം ഏറ്റെടുത്ത ഊരാളുങ്കലിനെ അഭിനന്ദിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൽപ്പറ്റയിലെ സർക്കാർ സ്കൂൾ ടൗൺഷിപ്പിലേക്ക് മാറ്റുന്നത് പരിഗണിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എല്ലാ വീടിനും ഫർണിച്ചർ കൂടി നൽകുന്നത് പരിഗണിക്കുന്നുണ്ട്.

Post a Comment

0 Comments