പുറ്റാട് :പാഴ് വസ്തുക്കളിൽ നിന്നുപോലും സ്നേഹത്തിന്റെ വീട് ഒരുക്കാം എന്ന് തെളിയിക്കുകയാണ് വയനാട് ജില്ലയിലെ ഹയർസെക്കണ്ടറി നാഷണൽ സർവീസ് സ്കീം യൂണിറ്റുകളിലെ വിദ്യാർത്ഥികൾ. സാമൂഹിക ഉത്തരവാദിത്തവും സേവന മനോഭാവവും കൈമുതലാക്കി വിവിധ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധ നേടിയ എൻ.എസ്.എസ് വിദ്യാർത്ഥികൾ ഇപ്പോൾ ഒരു കുടുംബത്തിന് “സ്നേഹഭവനം” നിർമ്മിക്കുന്ന ദൗത്യത്തിലാണ്. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ , വയൽ കൃഷി, അംഗനവാടി നവീകരണം,
പ്ലാസ്റ്റിക് മുക്ത ഗ്രാമങ്ങൾ തുടങ്ങിയ നിരവധി സാമൂഹിക-പരിസ്ഥിതി പ്രവർത്തനങ്ങളിലൂടെ ജില്ലയിലെ എൻ.എസ്.എസ് യൂണിറ്റുകൾ ഇതിനകം തന്നെ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. അതിന്റെ തുടർച്ചയായി സമൂഹത്തിന് കൂടുതൽ കരുത്തേകുന്ന ഒരു പ്രവർത്തനമാണ് ഇപ്പോൾ പൂർത്തിയാകുന്നത് .
പുറ്റാട് മലയച്ചംകൊല്ലിയിൽ താമസിക്കുന്ന വടുവഞ്ചാൽ സ്കൂളിലെ വിദ്യാർത്ഥിയായിരുന്ന അനഘന് വേണ്ടിയാണ് ഈ സ്നേഹഭവനം നിർമ്മിക്കുന്നത്. അനഘന്റെ പിതാവ് രണ്ട് വർഷം മുമ്പ് ക്യാൻസർ രോഗത്തെ തുടർന്ന് മരണപ്പെട്ടിരുന്നു. അമ്മ ഹരിത കർമ്മ സേന അംഗമായി ജോലി ചെയ്യുന്നു. അനഘന്റെ സഹോദരി പോളിടെക്നിക് ഡിപ്ലോമ കോഴ്സ് പഠിച്ചുകൊണ്ടിരിക്കുകയാണ്. കുടുംബത്തിന്റെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കി എൻ.എസ്.എസ് വിദ്യാർത്ഥികൾ കൈകോർത്താണ് ഈ വീടിന്റെ നിർമ്മാണം ആരംഭിച്ചത്.
750 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള ഈ വീടിന്റെ നിർമ്മാണത്തിന് ഏകദേശം 10.5 ലക്ഷം രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്. വീടിന് ആവശ്യമായ ധനസഹായം വിദ്യാർത്ഥികളും അധ്യാപകരും ചേർന്നാണ് സമാഹരിക്കുന്നത്. ജില്ലയിലെ 59 എൻ.എസ്.എസ് യൂണിറ്റുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഈ മഹത്തായ ദൗത്യത്തിൽ പങ്കാളികളായി.
ജില്ലയിൽ എൻ.എസ്.എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ നിർമ്മിക്കുന്ന മൂന്നാമത്തെ വീടാണ് ഇത് എന്നതും ശ്രദ്ധേയമാണ്. ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് ജില്ലാ കൺവീനർ കെ. എസ്. ശ്യാൽ, ക്ലസ്റ്റർ കൺവീനർമാർ, പ്രോഗ്രാം ഓഫീസർമാർ എന്നിവരാണ്. നാട്ടുകാരുടെയും സജീവ സഹകരണത്തോടെ ഈ സ്നേഹഭവനത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നത് . സ്നേഹഭവനത്തിന്റെ താക്കോൽ കൈമാറ്റ ചടങ്ങ് മാർച്ച് 12 ന് രാവിലെ 11 മണിക്ക് നടക്കും. ചടങ്ങിൽ മന്ത്രി ഒ. ആർ. കേളു താക്കോൽ കൈമാറ്റം നിർവഹിക്കും. സ്ഥലം എം.എൽ.എ ഐ. സി. ബാലകൃഷ്ണൻ അധ്യക്ഷത വഹിക്കും.
സ്നേഹത്തിന്റെ ഈ താക്കോൽ കൈമാറ്റം ഏറെ മനോഹരമായ രീതിയിൽ നടത്താൻ നാട്ടുകാരും എൻ.എസ്.എസ് വിദ്യാർത്ഥികളും ഒരുങ്ങുകയാണ്. വിദ്യാർത്ഥികളും അധ്യാപകരും നാട്ടുകാരും കൈകോർത്തുള്ള ഈ പ്രവർത്തനം സമൂഹത്തിന് വലിയ പ്രചോദനമായി മാറുകയാണ്.

0 Comments