ശബരിമല സ്വർണ്ണക്കൊള്ളക്കേസ്! മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസുവിനെ ഇഡി ചോദ്യം ചെയ്തു; തന്ത്രിക്കും സമൻസ്



ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അന്വേഷണം ഊർജിതമാക്കുന്നതിന്റെ ഭാഗമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ. വാസുവിനെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. കൊച്ചിയിലെ ഇഡി ഓഫീസിൽ രാവിലെ പത്ത് മണിയോടെ ഹാജരായ അദ്ദേഹത്തെ മണിക്കൂറുകളോളം ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തതിനെത്തുടർന്ന് മൂന്ന് മാസത്തോളം ജയിൽവാസമനുഷ്ഠിച്ച എൻ. വാസുവിന് സ്വാഭാവിക ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ഇഡി നടപടി കർക്കശമാക്കിയത്. കേസുമായി ബന്ധപ്പെട്ട് ശബരിമല തന്ത്രിയോടും ഈ ആഴ്ച തന്നെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നിർദ്ദേശിച്ചിട്ടുണ്ട്.

ആകെ 28 പേരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള കേസിൽ സിനിമാ താരം ജയറാം ഉൾപ്പെടെയുള്ള സാക്ഷികളുടെ മൊഴി കഴിഞ്ഞ ആഴ്ചകളിൽ ഇഡി രേഖപ്പെടുത്തിയിരുന്നു. എന്നാൽ കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഇതുവരെ ചോദ്യം ചെയ്യലിനായി സമൻസ് അയച്ചിട്ടില്ല. വരും ദിവസങ്ങളിൽ കൂടുതൽ പ്രമുഖരെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

അതേസമയം, കേസിലെ മറ്റൊരു പ്രമുഖ പ്രതിയും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമായ എ. പത്മകുമാർ സമർപ്പിച്ച ജാമ്യഹർജിയിൽ കൊല്ലം വിജിലൻസ് കോടതി നാളെ വിധി പറയും. ദ്വാരപാലക ശില്പ കേസിലെ സ്വാഭാവിക ജാമ്യാപേക്ഷയിലാണ് വിധി വരാനിരിക്കുന്നത്. കട്ടിളപ്പാളി കേസിൽ നേരത്തെ ജാമ്യം ലഭിച്ച പത്മകുമാറിന് നാളത്തെ വിധി അനുകൂലമായാൽ ജയിൽ മോചിതനാകാൻ സാധിക്കും. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെ കേസിലെ ഏഴ് പ്രതികൾക്ക് ഇതിനോടകം സ്വാഭാവിക ജാമ്യം ലഭിച്ച് പുറത്തിറങ്ങിയിട്ടുണ്ട്.

Post a Comment

0 Comments