ഹോര്‍മുസില്‍ മൂന്ന് കപ്പലുകള്‍ക്ക് നേരെ മിസൈല്‍ ആക്രമണം


ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന മൂന്ന് കപ്പലുകള്‍ക്ക് നേരെ ഇന്ന് മിസൈല്‍ ആക്രമണമുണ്ടായെന്ന് സമുദ്ര സുരക്ഷാ ഏജന്‍സികള്‍ അറിയിച്ചു. ഒരു കപ്പലില്‍ തീപിടിച്ചതിനെ തുടര്‍ന്ന് ജീവനക്കാര്‍ക്ക് പുറത്തുകടക്കേണ്ടിവന്നു.

തായ്‌ലന്‍ഡ് കൊടിവെച്ച മായുരീ നാരീ എന്ന ബള്‍ക്ക് കാരിയറാണ് ആക്രമിക്കപ്പെട്ട കപ്പലുകളിലൊന്ന്. ഒമാന് വടക്ക് 11 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് ആക്രമണമുണ്ടായത്. തുടര്‍ന്ന് കപ്പലിന് തീപ്പിടിച്ചു. തീ പിന്നീട് അണച്ചതായും പാരിസ്ഥിതിക പ്രത്യാഘാതമില്ലെന്നും യുകെയുടെ മാരിടൈം ട്രേഡ് ഓപറേഷന്‍സ് അറിയിച്ചു. അവശ്യ ജീവനക്കാര്‍ കപ്പലില്‍ തുടരുകയാണെന്നും അറിയിച്ചു.

ജപ്പാന്‍ കൊടിവെച്ച കപ്പലാണ് ആക്രമിക്കപ്പെട്ട മറ്റൊന്ന്. റാസ് അല്‍ ഖൈമക്ക് 25 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചായിരുന്നു ആക്രമണം. ചെറിയ തകരാറുകള്‍ മാത്രമാണ് സംഭവിച്ചത്. ജീവനക്കാര്‍ സുരക്ഷിതരാണ്. മാര്‍ഷല്‍ ദ്വീപുകളുടെ കൊടിവെച്ച ബള്‍ക്ക് കാരിയര്‍ കപ്പലാണ് മൂന്നാമതായി ആക്രമിക്കപ്പെട്ടത്. ദുബൈയില്‍ നിന്ന് 50 മൈല്‍ അകലെവെച്ചാണ് ആക്രമണമുണ്ടായത്. ജീവനക്കാര്‍ സുരക്ഷിതരാണ്.

ഇന്നത്തെ സംഭവങ്ങളോടെ ഹോര്‍മുസില്‍ ആകെ ആക്രമിക്കപ്പെട്ട കപ്പലുകള്‍ 14 ആയി. ഇസ്രായേലും യുഎസും ചേര്‍ന്ന് ആരംഭിച്ച യുദ്ധത്തിന് പിന്നാലെ ഹോര്‍മുസ് കടലിടുക്ക് അടച്ചതായി ഇറാന്‍ പ്രഖ്യാപിച്ചിരുന്നു. കപ്പലുകള്‍ സമുദ്രപാത കടക്കാന്‍ ശ്രമിച്ചാല്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു.

ഇറാനും ഒമാനും ഇടയിലെ ഇടുങ്ങിയ ജലപാതയായ ഹോര്‍മുസ് കടലിടുക്കാണ് ഗള്‍ഫില്‍ നിന്നുള്ള എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും പ്രധാന എക്സിറ്റ് മാര്‍ഗം. ഹോര്‍മുസ് വഴിയുള്ള കപ്പല്‍ ഗതാഗതം നിലച്ചതോടെ എണ്ണ വിതരണം പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. അസംസ്‌കൃത എണ്ണയുടെ വില 100 ഡോളറിലേറെയായി വര്‍ധിച്ചു. പ്രതിദിനം 20 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയിലും പെട്രോളിയം ഉല്‍പ്പന്നങ്ങളും ഈ കടലിടുക്ക് വഴിയാണ് കടന്നുപോകുന്നത്. കൂടാതെ ലോകത്തെ 20 ശതമാനം എല്‍എന്‍ജി വിതരണവും നടക്കുന്നത് ഇതുവഴിയാണ്.

Post a Comment

0 Comments