രാഹുൽ മാങ്കൂട്ടത്തിലിന് തിരിച്ചടി; ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സുപ്രീംകോടതിയിൽ


ഡൽഹി: ലൈംഗികാതിക്രമ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആദ്യ പരാതിക്കാരി സുപ്രീംകോടതിയെ സമീപിച്ചു. ഹൈക്കോടതി അനുവദിച്ച ജാമ്യം നിയമവിരുദ്ധമാണെന്നും കേസിൽ ഹൈക്കോടതി മിനി ട്രയൽ നടത്തിയത് ശരിയല്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

സമ്മതമില്ലാതെ പലതവണ ബലാത്സംഗം ചെയ്തെന്നും ഗർഭിണിയായിരുന്ന കാലയളവിൽ ഒരിക്കൽ പോലും സമാധാനം നൽകിയിട്ടില്ലെന്നും അതിജീവിത ആരോപിക്കുന്നു. സ്വന്തം ഇഷ്ടപ്രകാരമല്ല അബോർഷൻ ചെയ്തത്. ഭീഷണിപ്പെടുത്തിയാണ് ഇതിന് സമ്മതിപ്പിച്ചതെന്നും, രാഹുൽ ഒരു സൈക്കോപാത്ത് ആണെന്നും പത്തോളം പേരെ ഇയാൾ പീഡിപ്പിച്ചിട്ടുണ്ടെന്നും ഹർജിയിൽ പറയുന്നു. ഇതിൽ പ്രായപൂർത്തിയാകാത്തവരും ഉൾപ്പെടുന്നു. സാമൂഹ്യവിരുദ്ധ സംഘങ്ങളുമായി ബന്ധമുള്ള പ്രതിക്ക് ജാമ്യം നൽകിയത് തന്റെ ജീവന് ഭീഷണിയാണെന്ന് പരാതിക്കാരി വ്യക്തമാക്കുന്നു.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ബലാത്സംഗക്കേസിൽ ജാമ്യവ്യവസ്ഥ ലംഘിച്ചതുമായി ബന്ധപ്പെട്ട ഹർജി തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി ചൊവ്വാഴ്ച പരിഗണിക്കും. മുൻകൂർ ജാമ്യത്തിലിരിക്കെ അതിജീവിതയെ വാട്സാപ്പ് കോൾ വഴി ബന്ധപ്പെടാൻ ശ്രമിച്ചുവെന്നാണ് പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചത്. കേസിൽ മറുപടി നൽകാൻ രാഹുലിന്റെ അഭിഭാഷകൻ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെത്തുടർന്നാണ് വാദം ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്. എന്നാൽ കേസ് നീട്ടിക്കൊണ്ടുപോകരുതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു.

Post a Comment

0 Comments