കൊച്ചി: പെരുമ്പാവൂരിൽ സീറ്റില്ലെങ്കിൽ പകരം ഡിസിസി അധ്യക്ഷ സ്ഥാനം ആവശ്യപ്പെട്ട് എൽദോസ് കുന്നപ്പിള്ളി. ഇക്കാര്യം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു. എന്നാൽ, കുന്നപ്പിള്ളിയുടെ ആവശ്യത്തിൽ കെപിസിസി നേതൃത്വം ഇതുവരെ ഉറപ്പുനൽകിയിട്ടില്ല. എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് കൊച്ചിയിൽ സ്ഥാനാര്‍ത്ഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പിച്ചതോടെയാണ് പുതിയ ഉപാധിയുമായി എൽദോസ് കുന്നപ്പള്ളി നേതൃത്വത്തെ സമീപിച്ചത്. പെരുമ്പാവൂരിൽ സീറ്റ് നിഷേധിച്ച എൽദോസ് കുന്നപ്പള്ളിയെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളിൽ ഒരു വിഭാഗം പിന്തുണയ്ക്കാൻ തീരുമാനിച്ചിരുന്നു. നിലവിൽ പെരുമ്പാവൂരിൽ മനോജ് മൂത്തേടൻ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് വിവരം. എൽദോസിന് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധത്തിലാണ് പ്രാദേശിക നേതാക്കൾ. പികെ ശശിയെ ഉൾക്കൊള്ളുന്ന യുഡിഎഫ് എന്തുകൊണ്ട് എൽദോസിനെ ഒഴിവാക്കി എന്നതിൽ നേതൃത്വം മറുപടി പറയണമെന്നാണ് ഉയരുന്ന ആവശ്യം.

0 Comments