'കോൺഗ്രസിന് വാഗ്ദാനങ്ങൾ എന്നത് രാഷ്ട്രീയ ലാഭം നേടാനുള്ള മറ മാത്രം'; മുഖ്യമന്ത്രി

 



തിരുവനന്തപുരം: കോൺഗ്രസിന് വാഗ്ദാനങ്ങൾ എന്നത് രാഷ്ട്രീയ ലാഭം നേടാനുള്ള മറ മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ പാരമ്പര്യത്തിന്‍റെ ഏറ്റവും നികൃഷ്ടമായ രൂപമാണ് വയനാട്ടിൽ കണ്ടത്. വീട് വെച്ച് നൽകാമെന്ന് പറഞ്ഞ് നാടാകെ പണം പിരിച്ചവർ പിന്നീട് മൗനം പാലിക്കുകയാണ്. എത്ര രൂപ പിരിച്ചുവെന്നും എത്ര രൂപ ചെലവഴിച്ചു എന്നുമുള്ള ചോദ്യങ്ങളിൽ നിന്ന് കോൺഗ്രസ് നേതാക്കൾ ഒഴിഞ്ഞുമാറുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

അതേസമയം മുഖ്യമന്ത്രി ഇന്ന് പാലക്കാട് ജില്ലയിലെ എൽഡിഎഫിന്റെ വിവിധ തെരഞ്ഞെടുപ്പ് യോഗങ്ങളിൽ പങ്കെടുക്കും. രാവിലെ 9.30ന്‌ കഞ്ചിക്കോട് വെച്ച് വാർത്താസമ്മേളനം നടത്തും. മലമ്പുഴ മണ്ഡലത്തിലെ എലപ്പുള്ളി പാറയിൽ എൽഡിഎഫ്‌ റാലി മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും.


മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ജനാധിപത്യ സംസ്കാരത്തിന്‍റെ സത്തയെന്നത് പൊതുജനങ്ങളോടുള്ള പ്രതിബദ്ധതയാണ്. അവരോട് നടത്തുന്ന വാഗ്ദാനങ്ങളും നൽകുന്ന വാക്കും പാലിക്കുക എന്നത് ഏതൊരു ജനാധിപത്യ വിശ്വാസിയുടെയും കടമയാണ്. എന്നാൽ കേരളത്തിലെ പ്രമുഖ കക്ഷിയായ കോൺഗ്രസിന് വാക്ക് പാലിക്കുന്ന കാര്യത്തിൽ നിരാശാജനകമായ ട്രാക്ക് റെക്കോർഡാണുള്ളത്. അവർക്ക് വാഗ്ദാനങ്ങളെന്നത് രാഷ്ട്രീയ ലാഭങ്ങൾ നേടാനുള്ള മറ മാത്രമാണ്. ഈ പാരമ്പര്യത്തിന്റെ ഏറ്റവും നികൃഷ്ടമായ രൂപമാണ് വയനാട് നാം കണ്ടത്.

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് വീട് വെച്ചുനൽകാമെന്ന് പറഞ്ഞ് നാടാകെ ഫണ്ട് പിരിച്ചവർ പിന്നീട് അതിനെ പറ്റി മൗനം പാലിക്കുന്നു. എത്ര രൂപ പിരിച്ചെന്നും എങ്ങനെ വിനിയോഗിച്ചെന്നുമുള്ള ചോദ്യങ്ങളിൽ നിന്ന് അവർ ഒഴിഞ്ഞുമാറുന്നു. എത്രയൊക്കെ മറച്ചുപിടിക്കാൻ ശ്രമിച്ചാലും യാഥാർഥ്യത്തെ ഇല്ലാതാക്കാൻ സാധിക്കില്ല. എല്ലാ അസത്യങ്ങൾക്കും മുകളിലായി സത്യം ജ്വലിച്ചു നിൽക്കും. ചോദ്യങ്ങൾ ഇനിയുമുയരും. ഉത്തരം നൽകാൻ കോൺഗ്രസ് തയ്യാറാണോ?

Post a Comment

0 Comments