പ്രമോഷന്‍ ചെയ്യാനെത്തി പരിചയത്തിലായി ഇന്‍ഫ്ലുവന്‍സര്‍; പിന്നാലെ സ്വകാര്യ ചിത്രം കൈക്കലാക്കി 1.50 കോടി ആവശ്യപ്പെട്ടു, പരാതിയുമായി യുവാവ്




 ബെംഗളൂരു: പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നു എന്ന യുവാവിന്‍റെ പരാതിയില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ബെംഗളൂരു സ്വദേശിയും സോഷ്യൽ മീഡിയ പേഴ്സണാലിറ്റിയുമായ സാധന ഷെട്ടിക്കതിരെയാണ് കോസ്മെറ്റിക് ക്ലിനിക് ഉടമയായ വി. കാര്‍ത്തിക്കിന്‍റെ പരാതിയിൽ ജയനഗർ പൊലീസ് കേസെടുത്തത്.

തന്റെ ക്ലിനിക്കിന്റെ പ്രചാരണവുമായി ബന്ധപ്പെട്ടാണ് കാർത്തിക് സാധന ഷെട്ടിയുമായി ആദ്യം ബന്ധപ്പെടുന്നത്. ഒരു പ്രൊഫഷണൽ ബന്ധമായി ആരംഭിച്ചത് പിന്നീട് അടുത്ത സൗഹൃദമായി വളർന്നു. പിന്നീട് കാര്‍ത്തിക്കിന്‍റെ സ്വകാര്യ ചിത്രങ്ങളും വിഡിയോയും സാധന സ്വന്തമാക്കുകയായിരുന്നു.


ഫോട്ടോകളും വീഡിയോകളും രഹസ്യമായി റെക്കോർഡ് ചെയ്തുവെന്ന് കാർത്തിക് പരാതിയിൽ ആരോപിക്കുന്നു. ഇത് ഉപയോഗിച്ച് തന്നെ ഭീഷണിപ്പെടുത്താനും ബ്ലാക്ക് മെയിൽ ചെയ്യാനും തുടങ്ങിയെന്നും കാർത്തിക് പറയുന്നു.

അഞ്ച് ലക്ഷം രൂപ ഓൺലൈനായും അഞ്ച് ലക്ഷം രൂപ നേരിട്ടും നൽകി. ഇതിനുപുറമെ, 30,000 രൂപ വിലയുള്ള സ്വർണ മോതിരം, 70,000 രൂപ വിലയുള്ള സ്വർണ മാല, 1.5 ലക്ഷം രൂപ വിലയുള്ള ഐഫോൺ എന്നിവയും നൽകിയതായി പരാതിയിൽ പറയുന്നു. ഇതിന് പിന്നാലെ 1.5 കോടി രൂപ വരെയും ആവശ്യപ്പെട്ടുവെന്നും നൽകിയില്ലെങ്കിൽ ഭാര്യയ്ക്കും കുടുംബക്കാര്‍ക്കും ചിത്രങ്ങള്‍ അയച്ചു നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.

പണം കൊടുക്കാൻ പറ്റാതെ വന്നതോടെ സ്വകാര്യ വീഡിയോകളും ഫോട്ടോകളും ഭാര്യയുൾപ്പെടെയുള്ള കുടുംബാംഗങ്ങൾക്ക് അയച്ചുകൊടുത്തുവെന്നും ഇത് കുടുംബത്തിൽ ഗുരുതരമായ പ്രശ്നങ്ങൾക്ക് കാരണമായെന്നും അദ്ദേഹം ആരോപിച്ചു. പിന്നാലെയാണ് യുവാവ് പരാതിയുമായി എത്തിയത്. സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments