തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പുകടിയേല്‍ക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. പാമ്പുകടിയേറ്റ് 108 ആംബുലന്‍സ് വഴി ഇന്നലെ മാത്രം ചികിത്സ തേടിയത് 21 പേര്‍. ഇന്നലെയാണ് ഏറ്റവും കൂടുതല്‍ പാമ്പുകടി റിപ്പോര്‍ട്ട് ചെയ്ത ദിവസം. കോഴിക്കോട് ജില്ലയില്‍ ഇന്നലെ അഞ്ചുപേര്‍ക്കാണ് പാമ്പുകടിയേറ്റത്. പാമ്പുകടിയെന്ന് സംശയിക്കുന്ന എട്ട് കേസുകളും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു.
സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന പാമ്പുകടികള്‍ പ്രതിരോധിക്കാന്‍ വേണ്ടിയുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചു. ആശുപത്രികളില്‍ ആന്റിവെനം ഉറപ്പാക്കിയിട്ടുണ്ടെന്നും ജനങ്ങള്‍ കൃത്യമായ ശ്രദ്ധ പുലര്‍ത്തണമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, കാസര്‍കോട് എളേരിത്തട്ടില്‍ പാമ്പുകടിയേറ്റ നാലര വയസുകാരിയുടെ നില അതീവഗുരുതരമായി തുടരുകയാണ്. കുട്ടി പരിയാരം ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വെന്റിലേറ്ററിലാണ്. ഇന്നലെ വൈകിട്ടാണ് കളിക്കുന്നതിനിടെ എളേരിത്തട്ട് കുറുവാട്ടെ ശരത്-അജിത ദമ്പതികളുടെ മകള്‍ ഋതു ചന്ദ്രയെ മൂര്‍ഖന്‍ പാമ്പ് കടിച്ചത്.

0 Comments