കോഴിക്കോട്: സംസ്ഥാനത്തേക്ക് കൂടുതല്‍ വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി. 250 മെഗാവാട്ട് വീതം വൈദ്യുതി വാങ്ങാന്‍ റെഗുലേറ്ററി കമ്മീഷന്‍ ഉത്തരവിട്ടു. ഓരോ ആഴ്ചയും ലഭ്യമായ വൈദ്യുതിയും അതിന്റെ നിരക്കും കമ്മീഷനെ അറിയിക്കണമെന്നാണ് നിര്‍ദേശം. വേനല്‍ക്കാലത്തെ വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിനായി കെഎസ്ഇബിഎല്‍ സമര്‍പ്പിച്ച അപേക്ഷയിന്മേലാണ് നിര്‍ദേശം.
പുതിയ നിര്‍ദേശം പ്രകാരം ഏപ്രില്‍ മുതല്‍ മെയ് 15 വരെയുള്ള ദിിവസങ്ങളിലെ വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിനായി എക്‌സ്‌ചേഞ്ചുകള്‍ വഴി 250 മെഗാവാട്ട് വരെ വൈദ്യുതി വാങ്ങാമെന്നാണ് നിര്‍ദേശം. യൂണിറ്റിന് 10 രൂപ എന്ന പരിധിക്കുള്ളില്‍ നിന്ന് കൊണ്ട്, ഡേ എഹെഡ് മാര്‍ക്കറ്റ് നിരക്കിനേക്കാള്‍ പരമാവധി അഞ്ച് പൈസ വരെ അധികം നല്‍കി വൈദ്യുതി വാങ്ങാവുന്നതാണ്. വൈദ്യുതി വാങ്ങല്‍ പ്രക്രിയ നിരീക്ഷിക്കാന്‍ ചീഫ് എഞ്ചിനീയര്‍മാരുടെ നേതൃത്വത്തില്‍ അപെക്‌സ് കമ്മിറ്റി, ഓപ്പറേഷണല്‍ കമ്മിറ്റി എന്നിവ രൂപീകരിക്കാനും നിര്‍ദേശമുണ്ട്.
വേനല്‍ക്കാലത്തെ അമിതമായ വൈദ്യുതി ഉപയോഗം കുറക്കുന്നതിനായി കെഎസ്ഇബിഎല്‍ കൃത്യമായ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. വൈദ്യുതി വാങ്ങുന്നതിന്റെ കൃത്യമായ വിവരങ്ങള്‍ ഓരോ ആഴ്ചയും കമ്മീഷനെ അറിയിക്കണം.
നേരത്തെ, ഡേ എഹെഡ് മാര്‍ക്കറ്റിങ് വഴി 1500 മെഗാവാട്ട് വൈദ്യുതി കെഎസ്ഇബി ചോദിച്ചിരുന്നു. കിട്ടിയത് പക്ഷേ വെറും ഏഴ് മെഗാവാട്ട് മാത്രമായിരുന്നു. സംസ്ഥാനത്തെ വൈദ്യുതി ഉത്പാദനത്തിന്റെയും ഉപയോഗത്തിന്റെയും കണക്കുകള്‍ തമ്മില്‍ വലിയ അന്തരമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പിന്നാലെ, വേനല്‍ക്കാലത്തെ വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിനായി കെഎസ്ഇബിഎല്‍ സമര്‍പ്പിച്ച അപേക്ഷക്ക് പിന്നാലെയാണ് നടപടി.
0 Comments