ന്യൂഡൽഹി: റിലയൻസിൽ അനിൽ അംബാനി ഗ്രൂപ്പ് കമ്പനികൾക്കെതിരെ നടന്നുവരുന്ന കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായി, 3,034 കോടി രൂപയുടെ പുതിയ ആസ്തികൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. പിടിഐ റിപ്പോർട്ട് പ്രകാരം റിലയൻസ് കമ്യൂണിക്കേഷൻസ്, റിലയൻസ് ഇൻഫ്രാസ്ട്രക്ചർ എന്നിവയുടെ ഉടമസ്ഥതയിലുള്ളതാണ് കണ്ടുകെട്ടിയ സ്വത്തുക്കൾ. മുംബൈയിലെ ഒരു ഫ്‌ളാറ്റ്, മഹാരാഷ്ട്രയിലെ ഹിൽ സ്റ്റേഷനായ ഖണ്ഡാലയിലെ ഫാം ഹൗസ്, അഹമ്മദാബാദിലെ സാനന്ദിലുള്ള ചില ഭൂമികൾ, റിലയൻസ് ഇൻഫ്രായുടെ 7.71 കോടി ഓഹരികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരം കേന്ദ്ര ഏജൻസി താത്കാലിക കണ്ടുകെട്ടൽ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഇതോടെ അനിൽ അംബാനി ഗ്രൂപ്പിനെതിരെയുള്ള കേസുകളിൽ കണ്ടുകെട്ടിയ ആകെ സ്വത്തുക്കളുടെ മൂല്യം 19,344 കോടി രൂപയായി ഉയർന്നുവെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
ബാങ്ക് തട്ടിപ്പ്, ഫണ്ട് വകമാറ്റൽ എന്നീ ആരോപണങ്ങളിലാണ് അനിൽ അംബാനി ഗ്രൂപ്പിനെതിരെ ഇഡി അന്വേഷണം നടത്തുന്നത്. സിബിഐയും ഈ കമ്പനികൾക്കെതിരെ അന്വേഷണം നടത്തുന്നുണ്ട്. ഏപ്രിൽ 20-ന്, റിലയൻസ് കമ്യൂണിക്കേഷൻസിലെ രണ്ട് മുതിർന്ന ഉദ്യോഗസ്ഥരായ അനിൽ കല്യയെയും ഡി.വിശ്വനാഥിനെയും സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ആർഎച്ച്എഫ്എൽ, ആർസിഎഫ്എൽ എന്നിവയുമായി ബന്ധപ്പെട്ട 11,000 കോടി രൂപയുടെ ബാങ്ക് വായ്പാ തട്ടിപ്പ് കേസിലാണ് ഇവരെ റിമാൻഡ് ചെയ്തത്. വായ്പാ തുക ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള ഷെൽ കമ്പനികളിലേക്ക് ഇവർ വകമാറ്റിയതായി ഇമെയിൽ രേഖകൾ വ്യക്തമാക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു. വായ്പ അനുവദിച്ച ദിവസം തന്നെ ഇവ നിഷ്‌ക്രിയ ആസ്തികളായി മാറിയതായും റിപ്പോർട്ടുണ്ട്. എന്നാൽ, ഈ ഉദ്യോഗസ്ഥർക്ക് 2019 മുതൽ ഗ്രൂപ്പുമായി ബന്ധമില്ലെന്നാണ് റിലയൻസ് പവറും റിലയൻസ് ഇൻഫ്രാസ്ട്രക്ചറും പറയുന്നത്.
തന്റെയും റിലയൻസ് കമ്യൂണിക്കേഷൻസിന്റെയും ബാങ്ക് അക്കൗണ്ടുകൾ ഫ്രോഡ് ആയി തരംതിരിക്കാനുള്ള ബാങ്കുകളുടെ നടപടി ശരിവെച്ച ബോംബെ ഹൈക്കോടതി വിധിക്കെതിരെ അനിൽ അംബാനി നൽകിയ മൂന്ന് ഹരജികൾ ഏപ്രിൽ 16-ന് സുപ്രിംകോടതി തള്ളിയിരുന്നു. ഇതോടെ ബാങ്കുകൾക്ക് അംബാനിക്കെതിരെയുള്ള നടപടികളുമായി മുന്നോട്ട് പോകാൻ സാധിക്കും.

0 Comments