കോഴിക്കോട്: പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹിലിയക്ക് വേണ്ടി മതംപറഞ്ഞ് വോട്ട് പിടിക്കുന്നുവെന്ന ആരോപണം ഉയര്‍ത്തിയ സംഭവത്തില്‍ തെറ്റുപറ്റിയെങ്കില്‍ തിരുത്തുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി.പി രാമകൃഷ്ണന്‍. മതം പറഞ്ഞ് വോട്ടു പിടിക്കുന്നത് എല്‍ഡിഎഫ് രീതിയല്ല. അന്വേഷണവുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
'മതം പറഞ്ഞിട്ടോ ജാതി പറഞ്ഞിട്ടോ വര്‍ഗീയത പറഞ്ഞിട്ടോ വോട്ട് സ്വാധീനിക്കുന്ന രീതിയില്ല. പേരാമ്പ്രയിലെ പരാതിയുടെ പരിശോധനയുമായി സഹകരിക്കാന്‍ ഞങ്ങള്‍ തയാറാണ്. ഞങ്ങളുടെ ഭാഗത്ത് എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ അത് തിരുത്തും. ഞങ്ങളുടെ ആരെങ്കിലും അറിയാതെ എന്തെങ്കിലും ചെയ്തുപോയിട്ടുണ്ടെങ്കില്‍ അത് തിരുത്തും എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല' -ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.
പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹിലിയക്ക് വേണ്ടി മതം പറഞ്ഞ് വോട്ട് ചോദിക്കുന്നുവെന്ന എല്‍ഡിഎഫിന്റെ അനൗണ്‍സ്‌മെന്റാണ് വിവാദമായത്. 'യുഡിഎഫ് സ്ഥാനാര്‍ഥി നമ്മുടെ ഖൗമില്‍ പെട്ടയാളാണെന്ന് പറഞ്ഞ് വോട്ട് പിടിക്കുന്നു' എന്നായിരുന്നു എല്‍ഡിഎഫ് പ്രചാരണ വാഹനത്തില്‍ നടത്തിയ അനൗണ്‍സ്‌മെന്റ്. വര്‍ഗീയ വിഭജനം ലക്ഷ്യമിട്ടാണ് എല്‍ഡിഎഫ് പ്രചാരണം നടത്തുന്നതെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വടകരയില്‍ ഇറക്കിയ 'കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിന്' സമാനമായ രീതിയില്‍ എല്‍ഡിഎഫ് വ്യാജ നിര്‍മിതിയുണ്ടാക്കുകയാണെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. സിപിഎമ്മിന്റെ വര്‍ഗീയ പ്രചാരണം കേരളത്തിന് അപമാനമാണെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്നും യുഡിഎഫ് നേതാക്കള്‍ ആരോപിച്ചിരുന്നു.

0 Comments