ഹർത്താൽ അതിക്രമം; സ്വമേധയ കേസെടുത്ത് ഹൈക്കോടതി

 

സംസ്ഥാനത്ത് ഇന്ന് നടന്ന ഹർത്താലിലുണ്ടായ അതിക്രമങ്ങളിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഹർത്താലിന് ആഹ്വാനം നൽകിയവർക്ക് കോടതി നോട്ടീസ് അയച്ചു. വിഷയത്തിൽ ഇന്ന് വൈകുന്നേരത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ഡിജിപിക്ക് കോടതി നിർദ്ദേശം നൽകി. ജസ്റ്റിസുമാരായ ബസന്ത് ബാലാജി, പി. കൃഷ്ണകുമാർ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചിന്റേതാണ് നടപടി.

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ആക്ഷൻ കൗൺസിൽ ആഹ്വാനം ചെയ്ത ഹർത്താലിൽ സംസ്ഥാന വ്യാപകമായി കടുത്ത പ്രതിഷേധങ്ങളാണ് അരങ്ങേറിയത്.

പലയിടങ്ങളിലും സമരക്കാർ വാഹനങ്ങൾ തടഞ്ഞത് രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമായി. തിരുവനന്തപുരത്ത് കഴക്കൂട്ടം മുതൽ കണിയാപുരം വരെ കിലോമീറ്ററുകളോളം വാഹനങ്ങൾ കുടുങ്ങിക്കിടന്നു. വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എൻട്രൻസ് പരീക്ഷ എഴുതാൻ പോയ വിദ്യാർത്ഥികളും ആശുപത്രികളിലേക്ക് പോയവരും വഴിയിൽ കുടുങ്ങി. ചിലയിടങ്ങളിൽ പ്രതിഷേധക്കാരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി. ഗതാഗതം തടസ്സപ്പെടുത്തിയ സമരക്കാരെ പലയിടങ്ങളിലും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Post a Comment

0 Comments