മാധ്യമങ്ങൾ യുഡിഎഫിനൊപ്പം, ഭരണം പിണറായിക്കൊപ്പം; വെള്ളാപ്പള്ളിയുടെ രാഷ്ട്രീയ പ്രവചനം

 

കേരളത്തിൽ ഇടതുപക്ഷത്തിന് തുടർഭരണമുണ്ടാകുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. യുഡിഎഫ് അധികാരത്തിൽ വരുമെന്ന രീതിയിലുള്ള പ്രചാരണമാണ് മാധ്യമങ്ങൾ നൽകുന്നതെന്നും എന്നാൽ അവസാനം പിണറായി വിജയൻ ഭരണം കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് ക്യാമ്പിൽ ഇപ്പോൾ നടക്കുന്നത് ഇമേജ് ബിൽഡിംഗ് ശ്രമങ്ങൾ മാത്രമാണെന്നും ചെറിയ ഭൂരിപക്ഷത്തിലാണെങ്കിലും എൽഡിഎഫ് തന്നെ അധികാരത്തിൽ വരുമെന്നും വെള്ളാപ്പള്ളി പ്രവചിച്ചു.

കെഎസ്ഇബിക്കെതിരെ രൂക്ഷമായ വിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്. ഇലക്ട്രിസിറ്റി ബോർഡ് ഒരു ‘ചതിയൻ ചന്തു’വായി മാറിയെന്നും ഒരു വെള്ളാനയായി തുടരുകയാണെന്നും അദ്ദേഹം പരിഹസിച്ചു. ഉദ്യോഗസ്ഥർ കനത്ത ശമ്പളം വാങ്ങുന്നുണ്ടെങ്കിലും വൈദ്യുതി ക്ഷാമം പരിഹരിക്കാൻ കാലാകാലങ്ങളായി വന്ന സർക്കാരുകൾ പുതിയ പദ്ധതികൾ കൊണ്ടുവന്നില്ല. സോളാർ സ്ഥാപിച്ചവർക്ക് നൽകേണ്ട പണം പോലും ബോർഡ് നൽകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വട്ടിയൂർക്കാവിലെ ബിജെപി സ്ഥാനാർത്ഥി ആർ. ശ്രീലേഖയെയും അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചു. ആർ. ശ്രീലേഖയ്ക്ക് ‘താനെന്ന’ ഭാവമാണെന്നും അവർ അധികപ്രസംഗിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. പാർട്ടിക്ക് വിധേയമായി പ്രവർത്തിക്കാത്ത ശ്രീലേഖയുടെ സമീപനം സംഘടനാരീതിയല്ല. വേലിയിൽ ഇരുന്ന പാമ്പിനെ എടുത്ത് തോളിൽ വെച്ചതുപോലെയാണോ ശ്രീലേഖയെ ബിജെപി സ്ഥാനാർത്ഥിയാക്കിയതെന്ന് സംശയമുണ്ടെന്നും രാജീവ് ചന്ദ്രശേഖറിന് ഇതിൽ തെറ്റുപറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Post a Comment

0 Comments