ബെംഗളൂരു: ഗുജറാത്ത് ടൈറ്റൻസിനെ അഞ്ച് വിക്കറ്റിന് തോൽപിച്ച് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. ഗുജറാത്ത് ഉയർത്തിയ 205 റൺസ് വിജയലക്ഷ്യം 18.5 ഓവറിൽ ബെംഗളൂരു മറികടന്നു. വിരാട് കൊഹ്‌ലിയും ദേവദത്ത് പടിക്കലും അർദ്ധ സെഞ്ച്വറിയുമായി തിളങ്ങി. സായി സുദർശന്റെ സെഞ്ച്വറി പ്രകടനം പാഴായി. മത്സരത്തിലെ മാന് ഓഫ് ദി മാച്ച് ആയ വിരാട് കോഹ്ലി ഓറഞ്ച് ക്യാപ് പട്ടികയിലും ഒന്നാമതെത്തി.
ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റൻസ് 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 205 റൺസാണ് സ്കോർ ചെയ്തത്. ഓപ്പണിങ്ങിൽ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ (24 പന്തിൽ 34) - സായി സുദർശൻ (58 പന്തിൽ 100) സഖ്യം നേടിയ 128 റൺസിന്റെ കൂട്ടുകെട്ടാണ് ഗുജറാത്തിനെ മികച്ച് ടോട്ടലിൽ എത്തിയത്. സായി സുദർശൻ സീസണിലെ തന്റെ ആദ്യത്തെയും ഐപിഎല്ലിലെ മൂന്നാമത്തെയും സെഞ്ച്വറിയും കുറിച്ചു. 58 പന്തിൽ 11 ഫോറും 5 സിക്‌സും പറത്തി 100 റൺസാണ് സായിയുടെ ബാറ്റിൽ നിന്ന് പിറന്നത്. ജോസ് ബട്ലറും (16 പന്തിൽ 25) വാഷിങ്ടൺ സുന്ദറും (12 പന്തിൽ 19) ടീമിനെ മികച്ച ടോട്ടലിലേക്ക് ഉയർത്താൻ സഹായിച്ചു. അവസാന ഓവറുകളിൽ ജേസൺ ഹോൾഡർ (10 പന്തിൽ 23) നടത്തിയ മികച്ച പ്രകടനമാണ് ടൈറ്റൻസിന്റെ സ്കോർ 200 കടത്തിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരുവിന് പവർ പ്ലേയിൽ തന്നെ ഓപണർ ജേക്കബ് ബെത്തലിനെ (10 പന്തിൽ 14) നഷ്ടമായി. എന്നാൽ പുറകെ വന്ന ദേവദത്ത് പടിക്കലും (27 പന്തിൽ 55) വിരാട് കോഹ്‌ലിയും (44 പന്തിൽ 81) ചേർന്ന് 115 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. 13 ഓവറിൽ പടിക്കലിനെ പുറത്താക്കി റഷീദ് ഖാൻ ഗുജറാത്തിന് ബ്രേക്ക് ത്രൂ നൽകി പിന്നാലെ തൊട്ടടുത്ത ഓവറിൽ ഹോൾഡർ കൊഹ്‍ലിയെയും പുറത്താക്കി. എന്നാൽ പുറകെ വന്ന രജത് പാട്ടിദാറും (5 പന്തിൽ 8) ജിതേഷ് ശർമയും (6 പന്തിൽ 10) ടിം ഡേവിഡും (9 പന്തിൽ 10*) ക്രുണാൽ പാണ്ട്യയും (12 പന്തിൽ 23*) ചേർന്ന് ബംഗളുരുവിനെ ഏഴ് പന്ത് ബാക്കി നിൽക്കേ വിജയത്തിലെത്തിച്ചു.

0 Comments