കേരളത്തിൽ വൈദ്യുതി ഉപയോഗം സർവ്വകാല റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്നു. ഇന്നലത്തെ കണക്കനുസരിച്ച് 118.26 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിച്ചത്. ഈ മാസം 18-ന് രേഖപ്പെടുത്തിയ 117.15 ദശലക്ഷം യൂണിറ്റ് എന്ന റെക്കോർഡാണ് ഇതോടെ തിരുത്തപ്പെട്ടത്. വർധിച്ചുവരുന്ന ആവശ്യം പരിഹരിക്കാനായി പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്ന കാര്യത്തിലും കെ.എസ്.ഇ.ബി. പുതിയ റെക്കോർഡിട്ടു. ഏകദേശം 91.78 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് കഴിഞ്ഞ ദിവസം മാത്രം പുറത്തുനിന്ന് വാങ്ങിയത്.
ഉപയോഗം കുതിച്ചുയരുമ്പോഴും ആവശ്യത്തിന് വൈദ്യുതി ലഭ്യമാകാത്തത് സംസ്ഥാനത്തെ കടുത്ത പ്രതിസന്ധിയിലേക്കാണ് നയിക്കുന്നത്. നിലവിൽ പീക്ക് ലോഡ് സമയങ്ങളിൽ 15 മുതൽ 30 മിനിറ്റ് വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയാണ് കെ.എസ്.ഇ.ബി. സാഹചര്യം നേരിടുന്നത്. പവർ എക്സ്ചേഞ്ചുകൾ വഴി അധികമായി 250 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ ശ്രമിച്ചെങ്കിലും ലഭ്യതയില്ലാത്തതിനാൽ ആ നീക്കം പരാജയപ്പെട്ടു. ഈ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ സമയത്തേക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ബോർഡ് നിർബന്ധിതരായേക്കും.

0 Comments