തെൽ അവീവ്: ഇറാൻ യുദ്ധത്തിന്റെ തുടക്കം മുതൽ പ്രചരിച്ചിരുന്ന അഭ്യൂഹങ്ങളിൽ വിശദീകരണവുമായി ഇസ്രയേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. താൻ പ്രോസ്റ്റേറ്റ് കാൻസറിന് ചികിത്സയിലായിരുന്നുവെന്ന് നെതന്യാഹു സ്ഥിരീകരിച്ചു. നിലവിൽ പൂർണ ആരോഗ്യവാനാണെന്നും അദ്ദേഹം വ്യക്തമാക്കി. നെതന്യാഹുവിന്റെ ആരോഗ്യത്തെ കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങളിൽ ഇതാദ്യമായാണ് ഔദ്യോഗികതലത്തിൽ വിശദീകരണം വരുന്നത്.
തനിക്ക് പ്രോസ്റ്റേറ്റ് കാൻസർ ബാധിച്ചിരുന്നുവെന്നും എന്നാൽ അത് പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്തി വിജയകരമായി ചികിത്സിച്ചു മാറ്റിയെന്നും നെതന്യാഹു വ്യക്തമാക്കി. 2024 ഡിസംബറിൽ നടത്തിയ ശസ്ത്രക്രിയയ്ക്ക് പിന്നാലെയാണ് അർബുദത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. രണ്ട് മാസം മുമ്പ് തന്നെ ചികിത്സ പൂർത്തിയായെങ്കിലും, യുദ്ധസമയത്ത് ശത്രുക്കൾ തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വ്യാജ പ്രചാരണം നടത്തുമെന്ന് ഭയന്നാണ് വിവരം രഹസ്യമാക്കിവെച്ചതെന്ന് അദ്ദേഹം പറഞ്ഞു.
'ദൈവത്തിന് നന്ദി, ഞാൻ ഇപ്പോൾ പൂർണ ആരോഗ്യവാനാണ്. ശാരീരികമായി അതീവ ഊർജസ്വലനായ അവസ്ഥയിലാണ് ഞാനുള്ളത്. പ്രോസ്റ്റേറ്റിലെ പ്രശ്‌നം പൂർണമായും ഭേദമായി'- നെതന്യാഹു എക്‌സിൽ കുറിച്ചു.
2026 ഏപ്രിൽ 20-ന് പുറത്തിറങ്ങിയ വാർഷിക ആരോഗ്യ റിപ്പോർട്ട് പ്രകാരം, 2024 ഡിസംബർ 29-നാണ് നെതന്യാഹുവിന് ആദ്യം ശസ്ത്രക്രിയ നടത്തിയത്. തുടർന്ന് നടത്തിയ പരിശോധനകളിൽ 0.9 സെന്റിമീറ്റർ വലിപ്പമുള്ള ഒരു മുഴ കണ്ടെത്തുകയായിരുന്നു. റേഡിയേഷൻ തെറാപ്പി ഉൾപ്പെടെയുള്ള അത്യാധുനിക ചികിത്സകളാണ് അദ്ദേഹത്തിന് നൽകിയത്. ഏകദേശം രണ്ടര മാസം മുമ്പ് നടന്ന ചികിത്സ പൂർണ വിജയമായിരുന്നുവെന്നും തുടർന്ന് നടത്തിയ സ്കാനിങ്ങുകളിൽ രോഗം പൂർണമായും മാറിയതായി കണ്ടെത്തിയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

0 Comments