കല്‍പ്പറ്റ: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ഒരു മാസം മാത്രം അവശേഷിക്കുന്ന സമയത്ത് സ്‌കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാനുള്ള നടപടിക്രമങ്ങള്‍ പരിഷ്‌കരിച്ചു കൊണ്ടുള്ള പുതിയ സര്‍ക്കാര്‍ ഉത്തരവ് താല്‍ക്കാലികമായി പിന്‍വലിക്കണമെന്ന് ഡി.സി.സി വൈസ് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ആവശ്യപ്പെട്ടു. പ്രസ്തുത ഉത്തരവിലെ നടപടിക്രമങ്ങള്‍ പ്രകാരം സ്‌കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് നേടുന്നതിനുള്ള സമയപരിധി ദീര്‍ഘിപ്പിക്കണം. ഒപ്പം സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് കഴിഞ്ഞ കാലങ്ങളിലെ പോലെ പഞ്ചായത്ത് എ.ഇയുടെ പരിശോധന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് നല്‍കുന്നത് തുടരുകയും ചെയ്യണം. പുതിയ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം അഞ്ച് സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുള്ള നിരോക്ഷ പത്രം ലഭിക്കണം. തുടര്‍ന്ന് സ്‌കൂള്‍ സുരക്ഷാ സമിതിയുടെ ശുപാര്‍ശകള്‍ കൂടി പരിഗണിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കെ. സ്മാര്‍ട്ട് പോര്‍ട്ടല്‍ വഴി അസിസ്റ്റന്റ് എന്‍ജിനീയര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. നിയമസഭ തെരഞ്ഞെടുപ്പും, പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടന്ന വര്‍ഷം എന്നുള്ള രീതിയില്‍ തദ്ദേശസ്ഥാപനങ്ങള്‍ സ്‌കൂള്‍ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണിക്കായി തുക വകയിരുത്തിയെങ്കിലും പല സ്ഥലത്തും പ്രവര്‍ത്തി നടത്താന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. വിദ്യാര്‍ഥികളുടെ സുരക്ഷ കരുതിയാണ് ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയത്. എന്നാല്‍ നിലവില്‍ അത് സ്‌കൂളുകള്‍ക്ക് തിരിച്ചടിയാവുകയാണ്. കാരണം ഈ ഉത്തരവ് പ്രകാരം സ്‌കൂളുകളുടെ ഫിറ്റനസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ മാസങ്ങള്‍ എടുക്കുമെന്നത് ഉറപ്പാണ്. ആയതിനാല്‍ ഉത്തരവ് നടപ്പില്‍ വരുത്താന്‍ ആറ് മാസമെങ്കിലും സമയം അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. അല്ലാത്തപക്ഷം സ്‌കൂള്‍ തുറക്കുന്ന സമയത്ത് ഫിറ്റ്‌നസ് ലഭിക്കാത്ത കെട്ടിടങ്ങളുടെ എണ്ണം വര്‍ധിക്കുകയും ഫലത്തില്‍ അത് പഠന സൗകര്യത്തെ ബാധിക്കുകയും വിദ്യാഭ്യാസ മേഖലയില്‍ പ്രയാസങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്നും സംഷാദ് മരക്കാര്‍ ചൂണ്ടിക്കാട്ടി.
.jpeg)
0 Comments