മുണ്ടക്കൈ- ചൂരൽമല പുനരധിവാസം: മുസ്‌ലിം ലീഗ് നിർമിച്ച് നൽകിയ വീടുകളുടെ ​ഗൃഹപ്രവേശന ചടങ്ങ് നാളെ



വയനാട്: മുണ്ടക്കൈ-ചൂരൽമല ദുരിതബാധിതർക്ക് മുസ്‌ലിം ലീഗ് ദുരന്തബാധിതർക്കായി നിർമിച്ചു നൽകിയ വീടുകളിൽ കുടുംബങ്ങൾ നടത്തുന്ന ഗൃഹപ്രവേശ ചടങ്ങ് നാളെ. ആദ്യഘട്ടത്തിൽ കൈമാറിയ 51 വീടുകളിളുടെയും ചടങ്ങാണ് നാളെ നടക്കുക. ഇന്നലെ രണ്ട് വീടുകളിൽ താമസം തുടങ്ങിയെങ്കിലും ബാക്കിയുള്ള കുടുംബങ്ങളെ കൂടി ഉൾപ്പെടുത്തിയാണ് നാളെ പരിപാടി നടക്കുന്നത്. പൊതുജനങ്ങൾക്കും പാർട്ടി പ്രവർത്തകർക്കും പരിപാടിയിൽ പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് ലീഗ് നേതൃത്വം അറിയിച്ചിരുന്നു.

ഒന്നര വർഷങ്ങൾക്കിപ്പുറം ദുരിതബാധിതർക്ക് സ്വന്തമായി ഒരു വീട് എന്ന സ്വപ്നം അവർക്ക് യാഥാർത്ഥ്യമാവുകയാണ്. ലീഗ് പ്രഖ്യാപിച്ച 51 വീടുകൾളിലും ആളുകൾ താമസം തുടങ്ങും. ഫെബ്രുവരി 28ന് മുഴുവൻ പ്രവർത്തികളും പൂർത്തീകരിച്ച് താക്കോൽ കൈമാറിയിരുന്നു. എന്നാൽ കുടുംബങ്ങളുടെ സൗകര്യത്തിനായി താമസം വൈകുകയായിരുന്നു. ഈ മാസം 30 വരെ മറ്റു കുടുംബങ്ങൾ കൂടി ഇവിടേക്ക് താമസം മാറും.

ഗുണഭോക്താക്കളായ 51 കുടുംബങ്ങൾ തന്നെയാണ് നാളത്തെ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കൾക്കും ചടങ്ങിലേക്ക് പ്രവേശനമുള്ളത്. പാർട്ടി പ്രവർത്തകരും പൊതുജനങ്ങളും ഈ ദിവസങ്ങളിൽ പദ്ധതി പ്രദേശത്തേക്ക് വരേണ്ടതില്ല എന്ന് ലീഗ് നേതൃത്വം നേരത്തെ തന്നെ അറിയിച്ചിരുന്നു. ലീഗ് പ്രഖ്യാപിച്ച രണ്ടാംഘട്ട വീടുകളുടെ നിർമാണ പ്രവർത്തനങ്ങളും അതിവേഗം പുരോഗമികയാണ്.

ഗുണഭോക്താക്കളുടെ ഗൃഹപ്രവേശം നടക്കുന്ന സാഹചര്യത്തിൽ പുനരധിവാസ പദ്ധതി പ്രദേശത്ത് സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഗുണഭോക്താക്കളുടെ ബന്ധുക്കൾ മാത്രം സംബന്ധിക്കുന്ന പരിപാടിയായതിനാൽ അവരുടെ സ്വകാര്യത മാനിക്കണമെന്നും ഈ ദിവസങ്ങളിൽ ഇവിടേക്ക് വരുന്നത് ഒഴിവാക്കണമെന്നും ലീഗ് നേതാക്കൾ അറിയിച്ചു.

Post a Comment

0 Comments