ജയ്പൂര്‍: ഓറഞ്ച് ക്യാപ് ഇന്നലെ തലകള്‍ മാറിമറിയുന്ന കാഴ്ചയായിരുന്നു ഐപിഎല്ലില്‍ കണ്ടത്. റണ്‍പൂരം കണ്ട രണ്ട് മത്സരങ്ങള്‍ക്കൊടുവില്‍ ഓറഞ്ച് ക്യാപ് വീണ്ടും സണ്‍റൈസേഴ്സ് ഹൈദരാബാദ് താരം അഭിഷേക് ശര്‍മയുടെ തലയിലെത്തി. എന്നാല്‍ അഭിഷേകിന്‍റെ ഓറഞ്ച് ക്യാപിന് എത്ര ദിവസത്തെ ആയുസ് ഉണ്ടാകുമെന്ന് ഇന്നത്തെ മത്സരങ്ങള്‍ കഴിയുമ്പോൾ മാത്രമെ അറിയാനാകു.
രാജസ്ഥാന്‍ റോയല്‍സിനെതിരെ അര്‍ധസെഞ്ചുറി നേടിയ അഭിഷേക് എട്ട് മത്സരങ്ങളില്‍ 54.29 ശരാശരിയിലും 212.29 സ്ട്രൈക്ക് റേറ്റിലും 380 റണ്‍സടിച്ചാണ് ഓറഞ്ച് ക്യാപ് വീണ്ടും തലയിലാക്കിയത്. ഒരു സെഞ്ചുറിയും മൂന്ന് അര്‍ധസഞ്ചുറികളും നേടിയ അഭിഷേക് 36 ഫോറും 28 സിക്സും പറത്തി. ഹൈദരാബാദിനെതിരെ രാജസ്ഥാനായി വെടിക്കെട്ട് സെഞ്ചുറി നേടിയ കൗമാരതാരം വൈഭവ് സൂര്യവംശിയാണ് ഓറഞ്ച് ക്യാപ് പോരാട്ടത്തിൽ രണ്ടാം സ്ഥാനത്ത്. 37 പന്തില്‍ 103 റണ്‍സെടുത്ത വൈഭവ് എട്ട് മത്സരങ്ങളില്‍ 357 റണ്‍സാണ് നേടിയിട്ടുള്ളത്. 44.63 ശരാശരിയും 234.86 എന്ന മാരക പ്രഹരശേഷിയും വൈഭവിനുണ്ട്. 31 ബൗണ്ടറികള്‍ നേടിയ വൈഭവ് 32 സിക്സുകളും പറത്തി.
പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തില്‍ 67 പന്തില്‍ 152 റണ്‍സടിച്ച് റെക്കോര്‍ഡിട്ട കെ എല്‍ രാഹുലാണ് ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ മൂന്നാമത്. ഇന്നലെ സെഞ്ചുറിയടിച്ച് ഓറഞ്ച് ക്യാപ് സ്വന്തമാക്കിയെങ്കിലും അതിന് മണിക്കൂറുകളുടെ ആയുസു പോലുമുണ്ടായില്ല. പിന്നാലെ വൈഭവ് സെഞ്ചുറി അടിച്ചതോടെ രാഹുലിന് ഓറഞ്ച് ക്യാപ് നഷ്ടമായി. 7 മത്സരങ്ങളില്‍ 59.50 ശരാശരിയും 187.89 സ്ട്രൈക്ക് റേറ്റിലും 357 റണ്‍സടിച്ച രാഹുൽ റണ്‍സുകളില്‍ വൈഭവിനൊപ്പമാണ്. ഹൈദരാബാദിനായി ഇന്നലെയും നിര്‍ണായക പ്രകടനം കാഴ്ചവെച്ച ഹെന്‍റിച്ച് ക്ലാസനാണ് 349 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ നാലാമത്. 49.86 ശരാശരിയുണ്ടെങ്കിലും ക്ലാസന്‍റെ സ്ട്രൈക്ക് റേറ്റ് 149.78 മാത്രമാണ്. 328 റണ്‍സുമായി വിരാട് കോലി ടോപ് ഫൈവില്‍ സ്ഥാനം നിലനിര്‍ത്തി

0 Comments