ഇന്ത്യയുടെ പ്രതിരോധ കയറ്റുമതിയിൽ വൻ കുതിച്ചുചാട്ടം. 2025–26 സാമ്പത്തിക വർഷത്തിൽ രാജ്യം റെക്കോർഡ് നേട്ടമായ 38,424 കോടി രൂപയുടെ പ്രതിരോധ ഉൽപ്പന്നങ്ങളാണ് കയറ്റുമതി ചെയ്തത്. തൊട്ടു മുൻപത്തെ വർഷത്തെ അപേക്ഷിച്ച് 62.66 ശതമാനത്തിന്റെ വമ്പിച്ച വർദ്ധനവാണിത്. നിലവിൽ ലോകത്തെ 80-ലേറെ രാജ്യങ്ങളിലേക്ക് ഇന്ത്യ പ്രതിരോധ സാമഗ്രികൾ എത്തിക്കുന്നുണ്ട്. ഈ മേഖലയിൽ പ്രവർത്തിക്കുന്ന കയറ്റുമതി സ്ഥാപനങ്ങളുടെ എണ്ണം 128-ൽ നിന്നും 145 ആയി ഉയർന്നതും രാജ്യത്തിന്റെ കരുത്ത് വർദ്ധിപ്പിക്കുന്നു.
പൊതുമേഖലാ സ്ഥാപനങ്ങളാണ് ഈ നേട്ടത്തിൽ നിർണ്ണായക പങ്കുവഹിച്ചത്. പൊതുമേഖലയിൽ നിന്നുള്ള കയറ്റുമതി വരുമാനത്തിൽ മാത്രം 151 ശതമാനത്തിന്റെ വർദ്ധനവുണ്ടായി. അതായത് 8,389 കോടിയിൽ നിന്നും 21,071 കോടി രൂപയായാണ് വരുമാനം ഉയർന്നത്. ഇതോടൊപ്പം സ്വകാര്യ സ്ഥാപനങ്ങളും മികച്ച പ്രകടനം കാഴ്ചവെച്ചു. മൊത്തം കയറ്റുമതിയുടെ 54.84 ശതമാനം പൊതുമേഖലയും ബാക്കി 45.16 ശതമാനം സ്വകാര്യ മേഖലയുമാണ് കൈകാര്യം ചെയ്യുന്നത്. പ്രതിരോധ ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനൊപ്പം ആഗോള വിപണിയിൽ വലിയൊരു ശക്തിയായി ഇന്ത്യ മാറുന്നതിന്റെ സൂചനയായാണ് ഈ കണക്കുകൾ വിലയിരുത്തപ്പെടുന്നത്.

0 Comments