വര്‍ക്കലയില്‍ സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

 


തിരുവനന്തപുരം: തിരുവനന്തപുരം വര്‍ക്കലയില്‍ സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഇടവ വെണ്‍കുളം സ്വദേശിയായ ഷൈന്‍(40)ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം. വെല്‍ഡിങ് തൊഴിലാളിയായ ഷൈന്‍ പതിനെട്ടാം തീയതി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ റോഡില്‍ കുഴഞ്ഞുവീഴുകയായിരുന്നു.

കണ്ണൂര്‍ കാഞ്ഞിരക്കൊല്ലിയിലും യുവാവിന് സൂര്യാതപമേറ്റു. കൊട്ടാടിക്കവലയിലെ അബിന്‍ ജോസിനാണ് പൊള്ളലേറ്റത്. കുടിവെള്ള പൈപ്പ് നന്നാക്കുന്നതിനിടെ ഇന്നലെ വൈകിട്ടാണ് അബിന് സൂര്യാതപമേറ്റത്. നേരത്തെ, വൈപ്പിന്‍ കുഴുപ്പിള്ളി സ്വദേശി പട്ടമന രമേശനും സൂര്യാതമേറ്റിരുന്നു. പുതുവൈപ്പിന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനിലെ തൊഴിലാളിയായ രമേശന്‍ പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

അതേസമയം, സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ് തുടരുകയാണ്. ഇടുക്കി, വയനാട് എന്നിവിടങ്ങളിലൊഴികെ മറ്റ് 12 ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. ഇന്ന് സാധാരണയേക്കാള്‍ മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇന്ന് പാലക്കാട് ജില്ലയില്‍ 40 °C വരെയും; കൊല്ലത്ത് 39 °C വരെയും താപനില ഉയരും. പത്തനംതിട്ട, കോട്ടയം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ 38 °C വരെയും; ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ 37°C വരെയും; തിരുവനന്തപുരം ജില്ലയില്‍ 36°C വരെയും താപനില ഉയരാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നാലെ പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രില്‍ 30-ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്.

Post a Comment

0 Comments