തിരുവനന്തപുരം: പാമ്പ് കടിയേറ്റ് രോഗി എത്തിയാൽ ഉടൻ പ്രോട്ടോകോൾ പ്രകാരമുള്ള ചികിത്സ ഉറപ്പാക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. താലൂക്ക് തലം മുതലുള്ള എല്ലാ ആശുപത്രികളിലും പാമ്പുകടി ചികിത്സയ്ക്കുള്ള ആന്റി സ്നേക് വെനം ലഭ്യമാണ്. വീടിനുള്ളിൽ വച്ച് പാമ്പുകടിയേൽക്കുന്ന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മന്ത്രി വാർത്താക്കുറിപ്പിൽ പറയുന്നു.
ചൂട് അധികമായത് കാരണം ഇഴ ജന്തുക്കള്‍ തണുപ്പുള്ള പ്രദേശം തേടി പോകുന്ന സമയമാണ്. അതിനാല്‍ വീടും സ്ഥാപനങ്ങളും പരിസരങ്ങളും പാമ്പുകള്‍ക്ക് കയറിയിരിക്കാനുള്ള അവസരമൊരുക്കാതെ ശ്രദ്ധ വേണം. ഇതിന്റെ ഭാഗമായി കാടും പടര്‍പ്പും കേറാതേയും മാളങ്ങള്‍, പൊത്തുകള്‍, മുതലായവ സിമന്റോ മറ്റോ ഇട്ട് അടച്ചും വൃത്തിയായി സൂക്ഷിക്കണം. പാമ്പുകടിയേറ്റാല്‍ സമയോചിതമായ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും നല്‍കിയാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിയുന്നതാണ്. താലൂക്ക് തലം മുതലുള്ള എല്ലാ ആശുപത്രികളിലും പാമ്പുകടി ചികിത്സയ്ക്കുള്ള ആന്റി സ്നേക്ക് വെനം ലഭ്യമാണ്. രോഗ ലക്ഷണങ്ങളും ലാബ് പരിശോധനകളും അടിസ്ഥാനമാക്കി പ്രോട്ടോകോള്‍ പ്രകാരമാണ് ആന്റി സ്നേക്ക് വെനം നല്‍കുന്നത്. എല്ലാ ആശുപത്രികളും പ്രോട്ടോകോള്‍ പ്രകാരമുള്ള ചികിത്സ ഉറപ്പാക്കണമെന്നും വീട്ടിനുള്ളില്‍ പാമ്പ് കടിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനായി എല്ലാവരും പ്രത്യേക ജാഗ്രത പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
* വീടിനുള്ളില്‍ പാമ്പ് കയറാനുള്ള സാധ്യത കുറയ്ക്കാന്‍ വാതിലുകളും ജനലുകളും അടച്ചിടുക, വിടവുകള്‍ അടയ്ക്കുക.
* വീടിന് പുറത്ത് കിടന്നുറങ്ങാതിരിക്കുക
*നിലത്ത് കിടന്നുറങ്ങുന്നത് ഒഴിവാക്കി കിടക്കകള്‍ ഉപയോഗിക്കുക.
* കൊതുക് വല ഉപയോഗിക്കുന്നത് അധിക സംരക്ഷണം നല്‍കും
* വീടിനും പരിസരത്തിനും ചുറ്റുമുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യുക
* വീടിനോട് ചേര്‍ന്ന് വിറക്, തൊണ്ട്, ചിരട്ട, തുണികള്‍ തുടങ്ങിയവയൊന്നും കൂട്ടി വെക്കരുത്
* പുല്ലും കുറ്റിച്ചെടികളും വെട്ടി വൃത്തിയായി സൂക്ഷിക്കുക
* വീടിനോട് സമീപത്തുള്ള മാളങ്ങളെല്ലാം അടയ്ക്കുക
* രാത്രിയില്‍ വീടിനുള്ളിലും പുറത്തും മതിയായ വെളിച്ചം ഉറപ്പാക്കുക
* സന്ധ്യാ സമയത്തും രാത്രി സമയങ്ങളിലും പുറത്തേക്ക് പോകുമ്പോള്‍ ടോര്‍ച്ച് ഉപയോഗിക്കുക
* കരിയിലകളിലൂടെയും കുറ്റിച്ചെടികളിലൂടെയും നടക്കാന്‍ ശ്രമിക്കരുത്
* കാല്‍പാദം സംരക്ഷിക്കുന്ന ചെരുപ്പുകള്‍ ധരിക്കുക
* ഉറങ്ങുന്നതിന് മുമ്പ് കിടക്കയും പുതപ്പും സുരക്ഷിതമാണെന്ന് ഉറപ്പാക്കുക
* കിടക്കുന്ന സ്ഥലം ശുചിയായി സുരക്ഷിതമായി സൂക്ഷിക്കുക
* ചെരുപ്പ്, വസ്ത്രങ്ങള്‍, ബാഗ്, ഹെല്‍മറ്റ്, വാഹനങ്ങള്‍ എന്നിവ ഉപയോഗിക്കുന്നതിന് മുമ്പ് പരിശോധിക്കുക
* പാമ്പിനെ കണ്ടാല്‍ അതിനെ പിടിക്കാന്‍ ശ്രമിക്കാതെ ബന്ധപ്പെട്ട അധികാരികളെ അറിയിക്കുക. ഏറ്റവും അടുത്തുള്ള സ്‌നേക്ക് റെസ്‌ക്യുവേഴ്‌സിനെ ലഭിക്കാന്‍ വനം വകുപ്പിന്റെ സര്‍പ്പ ആപ്പ് സഹായിക്കും.
*

0 Comments