ന്യൂഡല്‍ഹി: ഇറാന്‍ യുദ്ധം ഏറ്റവുമധികം ബാധിക്കുക ഇന്ത്യയെയാണ് സാമ്പത്തിക വിദഗ്ധയും ഐഎംഎഫ് മുന്‍ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറുമായ ഗീതാഗോപിനാഥ്. ഇക്കണോമിക് ടൈംസിനോട് സംസാരിക്കുന്നതിനിടെയാണ് രാജ്യത്തിനുണ്ടാവുന്ന വലിയ തിരിച്ചടിയെ കുറിച്ച് അവര്‍ പ്രതികരിച്ചത്. വിതരണശൃംഖലകളിലുണ്ടാവുന്ന തിരിച്ചടിയില്‍ മാത്രം അത് ഒതുങ്ങില്ലെന്നും ഗീതാഗോപിനാഥ് പറഞ്ഞു. അതിലും വലിയ തിരിച്ചടികള്‍ ഇന്ത്യയെ കാത്തിരിക്കുന്നുണ്ടെന്നും ഗീത ഗോപിനാഥ് വ്യക്തമാക്കി.
ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ ഇറാന്‍ യുദ്ധം മൂലമുണ്ടാകുന്ന തിരിച്ചടി ഏറ്റവും ബാധിക്കുക ഇന്ത്യയേയാണ്. എണ്ണയുടേയും ഗ്യാസിന്‍േറയും ഇറക്കുമതിയില്‍ വലിയ തിരിച്ചടിയുണ്ടാവും. ഇതിനൊപ്പം ഇന്ത്യയിലേക്ക് മിഡില്‍ ഈസ്‌ററിലെ പ്രവാസികള്‍ വലിയ രീതിയില്‍ പണമയക്കുന്നുണ്ട് അതിനേയും യുദ്ധം ബാധിക്കും.
ഉയര്‍ന്ന വിലക്ക് പുറമേ സാധനങ്ങളുടെ ക്ഷാമവും ഇന്ത്യയെ ബാധിക്കും. ഇപ്പോള്‍ തന്നെ വലിയ രീതിയില്‍ ഇന്ത്യയില്‍ എല്‍.പി.ജി ക്ഷാമം അനുഭവപ്പെടുന്നുണ്ട്. ഗ്യാസിന് പുറമേ രാസവളങ്ങള്‍, ഹീലിയം, സള്‍ഫര്‍ തുടങ്ങിയവയുടെ വരവിനേയും യുദ്ധം ബാധിക്കും. 2022ല്‍ റഷ്യ-യുക്രെയ്ന്‍ യുദ്ധമുണ്ടായപ്പോള്‍ യുറോപ്പിനെ ബാധിച്ച ഇന്ധന ക്ഷാമത്തേക്കാള്‍ തികച്ചും വിഭിന്നമായ സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നതെന്ന് ഗീത ഗോപിനാഥ് പറഞ്ഞു. രാസവള ക്ഷാമം മൂലം കാര്‍ഷിക ഉല്‍പന്നങ്ങളുടെ ഉല്‍പാദനത്തില്‍ കുറവുണ്ടാവും. ഇത് ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തിന് വരെ കാരണമായേക്കുമെന്നും ഗീത ഗോപിനാഥ് പറഞ്ഞു.
അതേസമയം, സൗരോജര്‍ത്തില്‍ ഇന്ത്യ ബഹുദൂരം മുന്നോട്ട് പോയിട്ടുണ്ടെന്നും ഗീതാ ഗോപിനാഥ് പറഞ്ഞു. നിലവിലുണ്ടായ പ്രതിസന്ധിയില്‍ സൗരോര്‍ജത്തിന്റെ കരുത്ത് ഒരു പരിധി വരെ ഇന്ത്യയെ സഹായിക്കുമെന്നും ഗീത ഗോപിനാഥ് പറഞ്ഞു.
ഈ വര്‍ഷം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ 6.5 ശതമാനം നിരക്കില്‍ വളരുമെന്നായിരുന്നു പ്രവചനം. യു.എസ് ഇന്ത്യക്കുമേല്‍ ചുമത്തിയ തീരുവ 50 ശതമാനത്തില്‍ നിന്ന് 10 ആക്കി കുറച്ചതോടെയാണ് വളര്‍ച്ചാ അനുമാനം വര്‍ധിപ്പിച്ചത്. എന്നാല്‍, പുതിയ സാഹചര്യത്തില്‍ ഐഎംഎഫ് ഇന്ത്യയുടെ വളര്‍ച്ചാഅനുമാനത്തില്‍ എന്ത് മാറ്റമുണ്ടാക്കുമെന്നതും കണ്ടറിയേണ്ടതാണ്.

0 Comments