പൂരത്തിൽ അലിഞ്ഞ് തൃശൂര്‍; വര്‍ണ വിസ്മയം തീര്‍ത്ത് കുടമാറ്റം, പൂരപ്രേമികള്‍ ആവേശത്തിൽ

 



തൃശൂര്‍: പൂരത്തിൽ അലിഞ്ഞ് തൃശൂര്‍ നഗരം. തൃശൂര്‍ പൂരത്തിന്‍റെ പ്രധാന ആകര്‍ഷണമായ കുടമാറ്റത്തിന്‍റെ ആവേശത്തിൽ പൂരപ്രേമികള്‍. വര്‍ണ വിസ്മയം തീര്‍ത്തുള്ള കുടമാറ്റത്തിന്‍റെ സമയം ഇത്തവണ കുറച്ചെങ്കിലും പൂര പ്രേമികളുടെ ആവേശത്തിന് ഒട്ടും കുറവുണ്ടായില്ല. തിരുവമ്പാടിയുടെയും പാറമേക്കാവിന്‍റെയും മത്സരിച്ചുള്ള കുടമാറ്റത്തെ ഹര്‍ഷാരവത്തോടെയാണ് പൂരപ്രേമികള്‍ സ്വീകരിച്ചത്. പല നിറത്തിലുള്ള സാമ്പ്രദായിക വര്‍ണ കുടകളാണ് ഇരു ദേവസ്വങ്ങളും ആദ്യം ഉയര്‍ത്തിയത്. തേക്കിൻകാട് മൈതാനത്തെ ജനസാഗരമാക്കികൊണ്ടാണ് വര്‍ണ വിസ്മയമായി കുടമാറ്റം നടന്നത്. സമയം കുറവായതിനാൽ തന്നെ ഉയര്‍ത്തുന്ന കുടകള്‍ പെട്ടെന്ന് തന്നെ മാറ്റിയാണ് ഇരുവിഭാഗവും മത്സരിച്ചത്.

ഇലഞ്ഞിത്തറ മേളം അവസാനിച്ചതിന് പിന്നാലെ വൈകിട്ട് അ‍ഞ്ചോടെയാണ് കുടമാറ്റത്തിനുള്ള ഒരുക്കം തുടങ്ങിയത്. കുടമാറ്റത്തിനായി പാറമേക്കാവ് വിഭാഗത്തിന്‍റെ തെക്കോട്ടിറക്കമായിരുന്നു ആദ്യം. തൃശൂര്‍ കോർപ്പറേഷന് മുന്നിലെ ശക്തൻ പ്രതിമയിൽ വലം വെച്ച് പാറമേക്കാവ് കുടമാറ്റത്തിനായി തയ്യാറായി. തൊട്ടു പിന്നാലെ തെക്കോട്ടിറങ്ങി പാറമേക്കാവ് വിഭാഗത്തിന് മുഖാമുഖമായി കുടകൾ ഉയർത്താൻ തിരുവമ്പാടിയും തയ്യാറായി. തുടര്‍ന്ന് വൈകിട്ട് ആറിന് കുടമാറ്റം ആരംഭിച്ചു. മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ ഒന്നര മണിക്കൂറോളം നീണ്ടിരുന്ന കുടമാറ്റം 15 മിനുട്ടോളമായി കുറയ്ക്കുകയായിരുന്നു.


Post a Comment

0 Comments