അടിച്ച് പരത്തി പഞ്ചാബ്; ഡൽഹിയെ തകർത്തത് റെക്കോർഡ് ചേസിനൊടുവിൽ

 



ന്യൂ ഡൽഹി: ഐപിഎല്ലിൽ ചരിത്രത്തിലെ റെക്കോർഡ് ചേസുമായി പഞ്ചാബ് കിങ്‌സ്. ഡൽഹി ക്യാപിറ്റൽ ഉയർത്തിയ 265 റൺസ് ലക്ഷ്യമാണ് പഞ്ചാബ് 18.5 ഓവറിൽ മറികടന്നത്. 76 റൺസ് സ്കോർ ചെയ്ത പ്രഭ്സിമ്രാൻ സിങ്ങും 71 റൺസ് സ്കോർ ചെയ്ത ക്യാപ്റ്റൻ ശ്രേയസ് അയ്യരുമാണ് പഞ്ചാബിന്റെ വിജയ ശിൽപികൾ. 152 റൺസ് നേടിയ കെഎൽ രാഹുലിന്റെ റെക്കോർഡ് സെഞ്ച്വറി പാഴായി.

2026 ഐപിഎൽ സീസണിലെ ഉയർന്ന സ്കോർ ചെസ് ചെയ്യാനിറങ്ങിയ പഞ്ചാബ് കിങ്സിന് ഓപ്പണർമാരായ പ്രിയാൻഷ് ആര്യയും പ്രഭ്സിമ്രാൻ സിങ്ങും ചേർന്ന് ഗംഭീര തുടക്കമാണ് നൽകിയത്. പവർ പ്ലേ പൂർത്തിയാകുമ്പോൾ 116 റൺസായിരുന്നു പഞ്ചാബ് അടിച്ചെടുത്തത്. എന്നാൽ അടുത്ത 16 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ രണ്ട് ഓപ്പണർമാരും പുറത്തായി. പുറകെ വന്ന ക്യാപ്റ്റൻ ശ്രേയസ് അയ്യരും നേഹൽ വധേരയും ചേർന്ന് ഉയർത്തിയ 56 റൺസ് കൂട്ടുകെട്ടും ചേർന്നതോടെ 15 ഓവറിൽ പഞ്ചാബ് സ്കോർ 200 കടന്നു. പിന്നാലെ ശ്രേയസ് അയ്യരെ രണ്ട് വട്ടം കരുൺ നായർ ഡ്രോപ്പ് ചെയ്യുന്നതും കണ്ടു. 15ാം ഓവറിൽ നേഹൽ വധേര പുറത്തായതിന് ശേഷം പുറകെ വന്ന ശശാങ്ക് സിംഗിനൊപ്പം ചേർന്ന് ശ്രേയസ് അയ്യർ ഏഴ് ബോൾ ബാക്കി നിൽക്കേ പഞ്ചാബിനെ വിജയത്തിലെത്തിച്ചു.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഡൽഹി ക്യാപിറ്റൽസ് തുടക്കം മുതൽ കൂറ്റൻ സ്കോറിലേക്ക് പറക്കുകയായിരുന്നു. രണ്ടാം ഓവറിൽ ഓപണർ പാത്തും നിസാങ്കയെ നഷ്ടമായെങ്കിലും. രണ്ടാം വിക്കറ്റിൽ നിതീഷ് റാണാ - കെഎൽ രാഹുൽ സഖ്യം നേടിയ 220 റൺസ് കൂട്ടുകെട്ടാണ് ഡൽഹിയെ കൂറ്റൻ സ്കോറിലെത്തിച്ചത്. 20 ഓവർ പൂർത്തിയാകുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 264 റൺസായിരുന്നു ഡൽഹിയുടെ സ്കോർബോർഡിലുണ്ടായിരുന്നത്. ഓപ്പണറായി തുടങ്ങി പുറത്താകെ 152 റൺസ് നേടിയ കെഎൽ രാഹുലാണ്‌ അവരെ കൂറ്റൻ സ്കോറിലേക്ക് നയിച്ചത്

Post a Comment

0 Comments