ഏകദേശം 7,000 ടൺ ഭാരമുള്ള ഈ അന്തർവാഹിനി ഇന്ത്യയുടെ മറ്റ് രണ്ട് അന്തർവാഹിനികളേക്കാൾ വലുതും ശക്തിയുള്ളതും കൂടുതൽ മിസൈലുകൾ വഹിക്കാൻ ശേഷിയുള്ളതാണ്. ബാബ അറ്റോമിക് റിസർച്ച് സെന്റർ വികസിപ്പിച്ചെടുത്ത 83 മെഗാവാട്ട് ശേഷിയുള്ള പ്രഷറൈസ്ഡ് വാട്ടർ റിയാക്ടറാണ് അരിധമന് കരുത്ത് പകരുന്നത്. കൂടുതൽ സമയം വെള്ളത്തിനടിയിൽ കഴിയാനും നിശബ്ദമായി സഞ്ചരിച്ച് ആക്രമിക്കാനും ഇതിന് സാധിക്കും.
എസ് എസ് ബി എൻ അഥവാ ഷിപ്പ്, സബ്‌മേഴ്‌സിബിൾ, ബാലിസ്റ്റിക്, ന്യൂക്ലിയർ വെസ്സൽസ് എന്ന വിഭാഗത്തിലാണ് ഈ അന്തർവാഹിനിയുമുള്ളത്. ഐ എൻ എസ് അരിധമനിൽ എട്ട് വെർട്ടിക്കൽ ലോഞ്ച് ട്യൂബുകൾ ഉണ്ട്. അരിഹന്തിൽ ഇത് നാലെണ്ണം മാത്രമായിരുന്നു. 3,500 കിലോമീറ്റർ ദൂരപരിധിയുള്ള എട്ട് കെ-4 ദീർഘദൂര മിസൈലുകളോ അല്ലെങ്കിൽ 750 കിലോമീറ്റർ ദൂരപരിധിയുള്ള 24 കെ-15 മിസൈലുകളോ വഹിക്കാൻ സാധിക്കും. ശത്രുരാജ്യങ്ങളിൽ നിന്നുള്ള ആണവാക്രമണമുണ്ടായാൽ തിരിച്ചടിക്കാനുള്ള ഇന്ത്യയുടെ ‘സെക്കൻഡ് സ്‌ട്രൈക്ക്’ ശേഷി ഇത് വർദ്ധിപ്പിക്കും.
സമുദ്രത്തിനടിയിൽ ഒളിഞ്ഞിരുന്ന് ദീർഘദൂര ലക്ഷ്യങ്ങളിലേക്ക് ആണവ മിസൈലുകൾ തൊടുക്കാൻ ഇതിന് കഴിയും. ഐഎൻഎസ് അരിധമൻ കൂടി സേനയുടെ ഭാഗമാകുന്നതോടെ ഇന്ത്യൻ നാവികസേനയുടെ സെക്കൻഡ് സ്‌ട്രൈക്ക് ശേഷി കൂടുതൽ ശക്തമാകും. ഒരു സമയത്ത് കുറഞ്ഞത് ഒരു ആണവ അന്തർവാഹിനിയെങ്കിലും സമുദ്രത്തിൽ പട്രോളിംഗിനായി ഉറപ്പാക്കാൻ ഈ നീക്കം സഹായിക്കും. ഇന്ത്യയുടെ നാലാമത്തെ അന്തർവാഹിനിയുടെ നിർമ്മാണവും പുരോഗമിക്കുകയാണ്.
0 Comments