സംസ്ഥാനത്ത് അനധികൃത മീൻപിടിത്തം നടത്തിയ യാനങ്ങളിൽ നിന്ന് പിഴയായും പിടിച്ചെടുത്ത മത്സ്യം ലേലം ചെയ്തതിലൂടെയും കഴിഞ്ഞ സാമ്പത്തിക വർഷം ഫിഷറീസ് വകുപ്പ് 4.22 കോടി രൂപ സമാഹരിച്ചു. ഇതിൽ 3.55 കോടി രൂപ പിഴയായും 67.56 ലക്ഷം രൂപ ലേലത്തിലൂടെയുമാണ് ലഭിച്ചത്. തീരദേശമുള്ള ഒൻപത് ജില്ലകളിൽ ഏറ്റവും കൂടുതൽ തുക ലഭിച്ചത് തൃശ്ശൂർ ജില്ലയിൽ നിന്നാണ്. 1.17 കോടി രൂപയാണ് തൃശ്ശൂരിൽ നിന്ന് മാത്രം ഖജനാവിലേക്ക് എത്തിയത്. 1.04 കോടി രൂപ ലഭിച്ച എറണാകുളം രണ്ടാം സ്ഥാനത്തും 70.89 ലക്ഷം രൂപയുമായി കോഴിക്കോട് മൂന്നാം സ്ഥാനത്തുമുണ്ട്.
നിയമലംഘനങ്ങളുടെ എണ്ണത്തിൽ 106 കേസുകളുമായി കോഴിക്കോടാണ് ഒന്നാമത്. കണ്ണൂരും (96) ആലപ്പുഴയുമാണ് (82) തൊട്ടുപിന്നാലെയുള്ളത്. പിഴയീടാക്കുന്നതിനൊപ്പം കടലിലെ രക്ഷാപ്രവർത്തനത്തിലും ഫിഷറീസ് വകുപ്പ് മികച്ച നേട്ടം കൈവരിച്ചു. കഴിഞ്ഞ വർഷം സംസ്ഥാനത്താകെ 5515 മത്സ്യത്തൊഴിലാളികളുടെ ജീവൻ വകുപ്പ് രക്ഷിച്ചു. ഇതിൽ ഏറ്റവും കൂടുതൽ പേരെ (1260 പേർ) രക്ഷപ്പെടുത്തിയത് തൃശ്ശൂർ ജില്ലയിലെ റെസ്‌ക്യു സംഘമാണ്. അനധികൃത മീൻപിടിത്തം കണ്ടെത്തുന്ന യാനങ്ങൾ പിടിച്ചെടുത്ത് പിഴ ഈടാക്കുന്നതിനൊപ്പം അതിലെ മത്സ്യം ലേലം ചെയ്യുന്ന നടപടികളും വകുപ്പ് കർശനമായി തുടരുന്നു.

0 Comments