തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അഴിമതിക്കും സ്വജനപക്ഷപാതത്തിനും അക്രമ രാഷ്ട്രീയത്തിനുമെതിരായ ജനവിധിയാണെന്നും ഇതാണ് യഥാർഥ 'കേരള സ്റ്റോറി'യെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി അഭിപ്രായപ്പെട്ടു. പത്തു വർഷത്തെ എൽഡിഎഫ് ഭരണത്തിലെ ധിക്കാരത്തിനുള്ള മറുപടിയാണിതെന്നും, യുഡിഎഫിന്റെ മുഖ്യമന്ത്രിയെ കോൺഗ്രസ് നേതൃത്വം കൂടിയാലോചനകളിലൂടെ ഉടൻ തീരുമാനിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. യുഡിഎഫിന്റെ വിജയത്തിൽ രാഹുൽ ഗാന്ധി അവതരിപ്പിച്ച 'ഇന്ദിരാ ഗ്യാരണ്ടി'യും നേതാക്കളുടെ കൂട്ടായ പ്രവർത്തനവും നിർണായക പങ്കുവഹിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
സിപിഎമ്മിലെ അഴിമതിയിൽ പ്രതിഷേധിച്ച് പാർട്ടി വിട്ടുവന്നവരെ സ്ഥാനാർഥികളാക്കാനുള്ള തീരുമാനം വൻ വിജയമായെന്ന് വേണുഗോപാൽ അവകാശപ്പെട്ടു. കണ്ണൂരിലെ പയ്യന്നൂർ, തളിപ്പറമ്പ് തുടങ്ങിയ സിപിഎം കോട്ടകളിൽ പോലും യുഡിഎഫിന് മുന്നേറാൻ സാധിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ സ്വന്തം മണ്ഡലത്തിൽ കഷ്ടിച്ചാണ് ജയിച്ചുകയറിയതെന്നും, ടി.പി. ചന്ദ്രശേഖരന്റെ വധമുൾപ്പെടെയുള്ള അക്രമ രാഷ്ട്രീയത്തോട് കേരള മനസ്സാക്ഷി നടത്തിയ മധുരപ്രതികാരമാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വർഗീയത പ്രചരിപ്പിച്ച് ജനങ്ങളെ വിഭജിക്കാനുള്ള ബിജെപിയുടെയും സിപിഎമ്മിന്റെയും അജണ്ട കേരളത്തിൽ പരാജയപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. തവനൂരിൽ വി.എസ്. ജോയിക്കെതിരെ നടന്ന മതപരമായ പ്രചാരണങ്ങളെ ജനങ്ങൾ തള്ളിക്കളഞ്ഞു. ബിജെപി എവിടെയെങ്കിലും ജയിച്ചിട്ടുണ്ടെങ്കിൽ അത് സിപിഎമ്മിന്റെ സഹായത്തോടെയാണെന്നും, മുഖ്യമന്ത്രിയുടെ ഗൺമാന്റെ മർദനത്തിനിരയായ എ.ഡി. തോമസ് ആലപ്പുഴയിൽ നേടിയ വിജയം ജനങ്ങളുടെ പ്രതിഷേധത്തിന്റെ പ്രതിഫലനമാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സംബന്ധിച്ച് കോൺഗ്രസിനുള്ളിൽ യാതൊരു തർക്കവുമില്ലെന്നും പാർട്ടിക്ക് അതിനായി കൃത്യമായ കീഴ്വഴക്കങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടി നേതൃത്വം എടുക്കുന്ന ഏത് തീരുമാനവും താൻ അംഗീകരിക്കുമെന്നും, 13-ാം വയസിൽ പൊതുപ്രവർത്തനം തുടങ്ങിയ താൻ എന്നും പ്രസ്ഥാനത്തിന്റെ താല്പര്യങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടിൽ വിജയ് നേടിയ വിജയത്തെ അഭിനന്ദിച്ച അദ്ദേഹം, അവിടെ ഡിഎംകെ-കോൺഗ്രസ് സഖ്യത്തിനുണ്ടായ തിരിച്ചടി പരിശോധിക്കുമെന്നും അറിയിച്ചു.
.jpeg)
0 Comments