തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗക്കേസിൽ പരാതിക്കാരി കോടതിയിൽ മൊഴി മാറ്റി. മുൻ പെരുമ്പാവൂർ എംഎൽഎ ആയ എൽദോസ് കുന്നപ്പിള്ളി തന്നെ പീഡിപ്പിച്ചിട്ടില്ലെന്ന് നെയ്യാറ്റിൻകര കോടതിയിൽ നടന്ന വിചാരണയ്ക്കിടെ യുവതി വെളിപ്പെടുത്തി. കേസിൽ പരാതിക്കാരി ഉൾപ്പെടെയുള്ള പ്രധാന സാക്ഷികളാണ് മൊഴി മാറ്റിയത്.

നെയ്യാറ്റിൻകര സെഷൻസ് കോടതിയിൽ നടന്ന വിചാരണാ വേളയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. താൻ പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നും, തന്നെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും പരാതിക്കാരി കോടതിയിൽ മൊഴി നൽകി. സംഭവത്തിൽ എൽദോസ് കുന്നപ്പിള്ളിയുടെ സുഹൃത്തുക്കൾ ഭീഷണിപ്പെടുത്തിയെന്ന മുൻ നിലപാടും അവർ തിരുത്തി. വിസ്താരത്തിനിടെ പരാതിക്കാരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയും ചെയ്തു. യുവതിക്ക് പുറമെ കേസിലെ മറ്റ് രണ്ട് സാക്ഷികളും കൂറുമാറിയതായി റിപ്പോർട്ടുകളുണ്ട്.

2022ൽ രജിസ്റ്റർ ചെയ്ത ഈ കേസ് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. അടിമലത്തുറയിലെ റിസോർട്ടിലും, തൃക്കാക്കരയിലെയും കുന്നത്തുനാട്ടിലെയും വീടുകളിൽ വെച്ചും പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. ബലാത്സംഗം, വധശ്രമം തുടങ്ങി ഗുരുതരമായ കുറ്റങ്ങളാണ് എൽദോസ് കുന്നപ്പിള്ളിക്കെതിരെ പൊലീസ് ചുമത്തിയിരുന്നത്. തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് 2024 മെയ് മാസത്തിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.