ചെന്നൈ: ആഭ്യന്തര കലഹങ്ങളാല്‍ പ്രതിസന്ധിയിലായ എഐഎഡിഎംകെക്ക് വീണ്ടും തിരിച്ചടിയേകി മൂന്ന് വിമത എംഎല്‍എമാര്‍ രാജിവെച്ച് ഭരണകക്ഷിയായ ടിവികെക്കൊപ്പം ചേര്‍ന്നു. പെരുന്തുറൈ എംഎല്‍എ എസ്. ജയകുമാര്‍, മധുരാന്തകം എംഎല്‍എ മരഗതം കുമാരവേല്‍, ധാരാപുരം എംഎല്‍എ പി. സത്യഭാമ എന്നിവരാണ് രാജിവെച്ച് വിജയിക്കൊപ്പം ചേര്‍ന്നത്. മൂവരും നിയമസഭാ സ്പീക്കര്‍ ജെസിഡി പ്രഭാകറിന് രാജി സമര്‍പ്പിച്ചു.
രാജിവച്ച ശേഷം മൂന്നുപേരും മന്ത്രിയും ടിവികെ നേതാവുമായ ആദവ് അര്‍ജുനയെ സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ടിവികെയില്‍ ചേര്‍ന്നത്. മൂന്നുപേരുടെ രാജിയോടെ സഭയിലെ എഐഎഡിഎംകെയുടെ അംഗബലം 44 ആയി കുറഞ്ഞു. തെരഞ്ഞെടുപ്പില്‍ 47 സീറ്റുകളിലാണ് പാര്‍ട്ടി ജയിച്ചിരുന്നത്
ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമിക്കെതിരെ മുതിര്‍ന്ന നേതാവ് സി.വി ഷണ്മുഖത്തിന്റെ നേതൃത്വത്തില്‍ പാര്‍ട്ടിക്കുള്ളില്‍ പടയൊരുക്കം ശക്തമാണ്. ഷണ്മുഖത്തിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം എംഎല്‍എമാര്‍ നേരത്തെ മുഖ്യമന്ത്രി വിജയിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. വിശ്വാസ വോട്ടെടുപ്പില്‍ 25 എഐഎഡിഎംകെ എംഎല്‍എമാര്‍ വിജയിക്ക് അനുകൂലമായി വോട്ട് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എംഎല്‍എമാരുടെ രാജി.
അതിനിടെ, വിമത വിഭാഗത്തിലുണ്ടായിരുന്ന അഞ്ച് എംഎല്‍എമാര്‍ തിരികെ എടപ്പാടി പളനിസ്വാമി പക്ഷത്തേക്ക് മടങ്ങിയിട്ടുണ്ട്. ഇതോടെ പളനിസ്വാമിക്കൊപ്പം 27 എംഎല്‍എമാരും സി.വി ഷണ്മുഖത്തിനൊപ്പം 17 എംഎല്‍എമാരുമാണ് നിലയുറപ്പിച്ചിരിക്കുന്നത്.
മൂന്ന് എംഎല്‍എമാര്‍ രാജിവെച്ചതോടെ ഇവിടങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ട സാഹചര്യമാണ്. വിജയിയുടെ രണ്ടാമത്തെ മണ്ഡലമായ തിരുച്ചിറപ്പിള്ളി ഈസ്റ്റിലും ഉപതെരഞ്ഞെടുപ്പ് വേണം. അതേസമയം, എഐഎഡിഎംകെയെ മന്ത്രിസഭയില്‍ എടുക്കുന്നതിനെതിരെ ടിവികെയുടെ സഖ്യകക്ഷിയായ കോണ്‍ഗ്രസ് ശക്തമായ നിലപാടെടുത്തിരുന്നു. കൂടുതല്‍ എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാന്‍ ടിവികെ ശ്രമിക്കുന്നതായി അഭ്യൂഹങ്ങളുണ്ട്.

0 Comments