ബീജിങ്: ഇറാൻ-യുഎസ് സംഘർഷം മൂർച്ഛിക്കുന്ന പശ്ചാത്തലത്തിൽ, ലോകം ഉറ്റുനോക്കുന്ന നിർണായക കൂടിക്കാഴ്ചയ്ക്കായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബീജിങ്ങിലെത്തി. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ട്രംപ് ഇന്ന് നടത്തുന്ന ചർച്ചകൾ പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ഗതി നിർണയിക്കുന്നതിൽ നിർണായകമാകും.
ഇറാനുമായുള്ള വെടിനിർത്തൽ സാധ്യതകൾ മങ്ങുകയാണെന്ന ട്രംപിന്റെ മുൻ പ്രസ്താവനകൾക്കിടയിലും, മധ്യസ്ഥർ മുഖേനയുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം തീർത്തും വഷളായ സാഹചര്യത്തിലാണ് മധ്യസ്ഥർ വഴിയുള്ള ഈ നീക്കം നടക്കുന്നത്. എന്നാൽ, ഏത് സാഹചര്യവും നേരിടാൻ സജ്ജമാണെന്ന ഇറാൻ സൈന്യത്തിന്റെ മുന്നറിയിപ്പ് മേഖലയിലെ യുദ്ധഭീതി വർധിപ്പിക്കുന്നു. ഇറാന്റെ ഊർജമേഖല പിടിച്ചെടുക്കാനാണ് അമേരിക്കയുടെ നീക്കമെന്ന് റഷ്യ കുറ്റപ്പെടുത്തിയതോടെ വിഷയം കൂടുതൽ സങ്കീർണമായിട്ടുണ്ട്.
വ്യാപാര യുദ്ധം മുതൽ ഇറാനുമായുള്ള ചൈനയുടെ രഹസ്യ ഇടപാടുകൾ വരെ ചർച്ചയാകുമെന്നാണ് സൂചന. അമേരിക്കൻ ഉൽപ്പന്നങ്ങൾക്കായി ചൈനീസ് വിപണി കൂടുതൽ തുറന്നുകിട്ടുക എന്ന ലക്ഷ്യത്തോടെയാണ് ട്രംപ് ചർച്ചകൾക്ക് എത്തുന്നതെങ്കിലും, ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി പരിഹരിക്കാൻ ചൈനയുടെ ഇടപെടൽ അദ്ദേഹം പ്രധാനമായും ആവശ്യപ്പെട്ടേക്കും. എന്നാൽ തായ്‌വാൻ വിഷയത്തിലും അമേരിക്കൻ ഉപരോധങ്ങളിലും വിട്ടുവീഴ്ച വേണമെന്ന നിലപാടിലാണ് ചൈന.
ട്രംപിനൊപ്പം മകൻ എറിക് ട്രംപ്, ടെസ്‍ല തലവൻ ഇലോൺ മസ്ക്, എൻവിഡിയ തലവൻ ജെൻസൺ ഹുവാങ് തുടങ്ങിയ യുഎസ് ടെക് കമ്പനികൾക്ക് നേതൃത്വം നൽകുന്നവരും ചൈനയിൽ എത്തിയിട്ടുണ്ട്. 2017ലാണ് ട്രംപ് അവസാനമായി ചൈന സന്ദർശിച്ചത്. ഇക്കഴിഞ്ഞ മാർച്ചിൽ ചൈനീസ് സന്ദർശനം നിശ്ചയിച്ചിരുന്നെങ്കിലും ഇറാൻ – ഇസ്രയേൽ യുദ്ധം കാരണം വൈകുകയായിരുന്നു.
0 Comments