കെ.സി. വേണുഗോപാൽ വിജയശില്പി; ചെന്നിത്തല എല്ലാവരെയും യോജിപ്പിക്കുന്ന നേതാവ്; വെള്ളാപ്പള്ളി നടേശൻ



കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെയും മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയെയും പ്രശംസ കൊണ്ട് മൂടി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കെ.സി. വേണുഗോപാൽ ഇന്ത്യയിലെ തന്നെ അതികായനായ നേതാവാണെന്നും കേരളത്തിലെ കോൺഗ്രസ് വിജയത്തിന്റെ യഥാർത്ഥ ശില്പിയാണെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് ഹൈക്കമാൻഡാണെന്നും അതിൽ സമുദായ നേതാക്കൾക്ക് അവകാശമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

കെ.സി. വേണുഗോപാലിന്റെ സ്വാധീനത്തിലാണ് പല എം.എൽ.എമാരും വിജയിച്ചതെന്ന് വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. എന്നാൽ, ദേശീയ രാഷ്ട്രീയത്തിൽ ഇത്രയേറെ സ്വാധീനമുള്ള അദ്ദേഹം കേരളത്തിലെ ‘കറുകപ്പുല്ല്’ തിന്നാൻ മുഖ്യമന്ത്രി പദത്തിലേക്ക് വരുമെന്ന് കരുതുന്നില്ലെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. രമേശ് ചെന്നിത്തലയെ പുകഴ്ത്തിയ അദ്ദേഹം, എല്ലാവരെയും യോജിപ്പിച്ചു കൊണ്ടുപോകാൻ കഴിയുന്ന, വിവാദങ്ങൾ ഉണ്ടാക്കാത്ത പാരമ്പര്യമുള്ള നേതാവാണ് ചെന്നിത്തലയെന്നും അഭിപ്രായപ്പെട്ടു. തന്റെ ജൂനിയർ ആയിരുന്നവർ പലരും ഉയർന്ന സ്ഥാനങ്ങളിലെത്തിയിട്ടും എല്ലാം സഹിച്ചു നിന്ന നേതാവാണ് അദ്ദേഹമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

അതേസമയം, എൽഡിഎഫിന്റെ പരാജയത്തിന് കാരണം താനാണെന്ന പ്രചാരണത്തിന് പിന്നിൽ മുസ്ലിം ലീഗാണെന്ന് അദ്ദേഹം ആരോപിച്ചു. തന്റെ നിലപാടുകളിൽ മാറ്റമില്ലെന്നും എസ്എൻഡിപിയെ തകർക്കാൻ ആർക്കും കഴിയില്ലെന്നും അദ്ദേഹം ആവർത്തിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി മിതവാദിയും കെ.എം. ഷാജി തീവ്രവാദിയുമാണെന്നും വെള്ളാപ്പള്ളി വിമർശിച്ചു.

യുഡിഎഫിന് 100 സീറ്റ് ലഭിച്ചാൽ രാജിവെക്കുമെന്ന് മുൻപ് പറഞ്ഞതിനെക്കുറിച്ചുള്ള ചോദ്യത്തിന്, താൻ അത്ര മണ്ടനല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അന്ന് പലതും പറഞ്ഞു കാണുമെന്നും എന്നാൽ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വി.ഡി. സതീശൻ നല്ല പ്രതിപക്ഷ നേതാവായിരുന്നെന്നും അദ്ദേഹത്തിന് ലീഗിന്റെ പിന്തുണയുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Post a Comment

0 Comments