ഉഷ്ണം കൂടിയതോടെ മോരു കച്ചവടത്തിൽ വൻ വർധന


കൊച്ചി ∙ ഉഷ്ണം കൂടിയതോടെ നഗരത്തിലെ മോരു കച്ചവടത്തിൽ വൻ വർധന. കൊച്ചി നഗരപ്രദേശത്തു മാത്രം മിൽമയുടെ സംഭാര വിൽപന ദിവസം 20,000 പാക്കറ്റ് പിന്നിട്ടു. കടക്കാരുടെ ആവശ്യം വർധിച്ചതനുസരിച്ചു സംഭാരത്തിന്റെ വിതരണം കൂട്ടാനുള്ള ഒരുക്കത്തിലാണു മിൽമ. എറണാകുളം യൂണിയന്റെ ഒരുദിവസത്തെ സംഭാര വിതരണം 40,000 പാക്കറ്റാണ്. അതിൽ പകുതിയും വിൽക്കുന്നത് നഗരത്തിലും. കുപ്പിയിൽ വിൽക്കുന്ന മിൽമയുടെ കട്ടിമോരിന്റെ വിൽപനയും കൊച്ചി നഗരത്തിൽ 2000 പിന്നിട്ടു.

സ്വകാര്യ ഡയറികളുടെ മോര് വിൽപനയിലും സമാന വളർച്ചയുണ്ട്. കൃത്രിമ ശീതളപാനീയങ്ങൾ ശരീരത്തിനുണ്ടാക്കുന്ന ദോഷങ്ങളെക്കുറിച്ചുള്ള പുതിയ തലമുറയുടെ അറിവും മോരിനോടും കരിക്കിനോടും തണ്ണിത്തൻ, വെള്ളരി ജൂസുകളോടുമുള്ള താൽപര്യത്തിനു കാരണമാണ്. മിൽമയുടെ കട്ടി തൈര് വാങ്ങി ആവശ്യത്തിനു വെള്ളവും ഇഞ്ചിയും പച്ചമുളകും വേപ്പിലയും ഉപ്പും ചേർത്ത് മിക്സിയിൽ അടിച്ച് സംഭാരമാക്കി വീടുകളിൽ ഉപയോഗിക്കുന്നവരുടെ എണ്ണവും വർധിച്ചു.


Post a Comment

0 Comments